World

നൈറ്റ്ക്ലബില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 21 കൗമാരക്കാര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: ചില സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

ദക്ഷിണാഫ്രിക്കയിലെ ഒരു നൈറ്റ് ക്ലബില്‍ പങ്കെടുത്ത 21 കൗമാരക്കാര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില സുപ്രധാന സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്. മരിക്കുന്നതിന് മുന്‍പ് പലര്‍ക്കും ശ്വാസ തടസം നേരിട്ടതായുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വിഷവാതകം ശ്വസിച്ചതാകാം 21 പേരുടെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ ടോക്‌സികോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന കൗമാരക്കാരില്‍ പലരും തളര്‍ന്ന് നിലത്തേക്ക് വീണ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയിരുന്നെങ്കിലും നൈറ്റ്ക്ലബില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പൊലീസെത്തുമ്പോള്‍ കുട്ടികളില്‍ പലരും മേശകളിലും കസേരകളിലും നിലത്തും മരിച്ച് വീണ് കിടക്കുകയായിരുന്നു. 13 മുതല്‍ 19 വയസുവരെ പ്രായമുള്ളവരാണ് ക്ലബിലുണ്ടായിരുന്നത്.

കുരുമുളക് സ്േ്രപ പ്രയോഗിക്കുമ്പോഴുള്ളത് പോലെ ഒരു ഗന്ധം അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്വാസതടസം അനുഭവപ്പെട്ട പലര്‍ക്കും തിരക്ക് കാരണം വേഗത്തില്‍ പുറത്തേക്ക് ഇറങ്ങാനും സാധിച്ചില്ല. ഈസ്റ്റ് ലണ്ടനിലെ നൈറ്റ് ക്ലബിലാണ് സംഭവം നടന്നത്. അമിതമായ മദ്യപാനം കാരണം കുട്ടികള്‍ പലരും ബോധം കെട്ട് ഉറങ്ങുകയാണെന്ന് തങ്ങള്‍ വിചാരിച്ചെന്ന് ക്ലബ് ജീവനക്കാര്‍ പറയുന്നു. ഹൂക്ക പൈപ്പുകളില്‍ നിന്നാണോ വിഷപ്പുക ഉയര്‍ന്നതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.