Kerala

അടിയന്തര പ്രമേയം തള്ളി; ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷം; വാദപ്രതിവാദങ്ങള്‍ ശക്തം

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തി പ്രതിപക്ഷം. സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മുതല്‍ സരിതയെ ഗൂഢാലോചന കേസില്‍ സാക്ഷിയാക്കിയത് വരെയുള്ള നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് ചര്‍ച്ചയുടെ അവസാനം നേതാക്കള്‍ വിമര്‍ശിച്ചു. അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി അറിയിച്ചത് അപ്രതീക്ഷിതമായി. പിന്നീടുള്ള മൂന്നു മണിക്കൂറോളം ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്ങനെയെന്ന ആലോചനയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ പ്രധാന ചോദ്യങ്ങള്‍ ഇവയൊക്കെ;

1.മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്ത് കൊണ്ട് മാനനഷ്ട കേസ് കൊടുക്കുന്നില്ല?
2.സരിത്തിനെ പിടിച്ചു കൊണ്ട് പോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നു മുഖ്യമന്ത്രി എന്തിനു നിയമസഭയില്‍ മറുപടി നല്‍കി?
3.ഷാജ് കിരണിനെ എന്ത് കൊണ്ട് അറസ്‌റ് ചെയ്തില്ല ?
4.വിജിലന്‍സ് മേധാവി എം.ആര്‍ അജിത്കുമാര്‍ 30ലധികം തവണ എന്തിനു ഷാജ് കിരണിനെ വിളിച്ചു ?

  1. ആരുടെ നിര്‍ദ്ദേശമാണ് വിജിലന്‍സ് മേധാവി വിളിച്ചത് ?
  2. ദുബായ് യാത്രയില്‍ ബാഗ് മറന്നു വെച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയെയാണോ ശിവശങ്കറിനെയാണോ വിശ്വസിക്കേണ്ടത്?
  3. ബാഗ് കൊണ്ട് പോകാന്‍ എന്തിനു ഡിപ്ലോമാറ്റിക് ചാനല്‍ തെരഞ്ഞെടുത്തു?
  4. സ്വപ്നയ്ക്കു ആദ്യം വിശ്വാസ്യത ഉണ്ടാക്കി കൊടുത്തതാര്? ഇങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

മടിയില്‍ കനമില്ല എന്ന പൊങ്ങച്ചമല്ല വേണ്ടതെന്നും ചോദ്യങ്ങള്‍ക്കു സത്യസന്ധമായ മറുപടിയാണ് വേണ്ടതെന്നും പ്രമേയാവതാരകനായ ഷാഫി പറമ്പില്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്കു ചോദിക്കുകയാണെന്നു പ്രതിപക്ഷ നേതാവിന്റെ ഓര്‍മ്മപ്പെടുത്തല്‍. സ്വര്‍ണക്കടത്തു അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പല നാടകങ്ങളും കളിച്ചുവെന്നടക്കം പ്രതിപക്ഷം കുറ്റപ്പെടുത്തി. നിയമസഭയില്‍ ചര്‍ച്ചയായതോടെ സ്വര്‍ണക്കടത്തു വിവാദം അവസാനിച്ചുവെന്ന ആക്ഷേപം സര്‍ക്കാരിന് വേണ്ടെന്നും പ്രതിപക്ഷം ഓര്‍മ്മപ്പെടുത്തുന്നു.

മുഖ്യമന്ത്രിയെ ഒളിയമ്പ് എയ്തു വീഴ്ത്താനാണ് ശ്രമമെന്ന് കെ.ടി ജലീല്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇസ്ലാമോ ഫോബിയ ഉണ്ടെന്നായിരുന്നു എ.എന്‍.ഷംസീറിന്റെ ആരോപണം. വി.ജോയിയാണ് അടിയന്തരപ്രമേയത്തെ എതിര്‍ത്ത് ആദ്യം സംസാരിച്ചത്. ഷാജ് കിരണ്‍ രമേശ് ചെന്നിത്തലയ്ക്കും കുമ്മനം രാജശേഖരനുമൊപ്പമുള്ള ചിത്രങ്ങളും ജോയി ഉയര്‍ത്തിക്കാട്ടി. സ്വപ്നയുടെ അഭിഭാഷകന്‍ പ്രതിപക്ഷ നേതാവിന്റെ അടുത്ത സുഹൃത്താണെന്നും ആരോപിച്ചു. അടിയന്തരപ്രമേയനോട്ടീസിന്റെ സംവിധായകന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണെും നിര്‍മ്മാതാവാണ് പ്രതിപക്ഷ നേതാവെന്നുമായിരുന്നു പി.ബാലചന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയെ കൂപ മണ്ഡൂകമെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചെന്നും ഷംസീര്‍ പറഞ്ഞു.