Kerala

“വീഴ്ചയിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം?”; അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വീഴ്ചയിൽ വീഴ്ചയിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം എന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തതിന് പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ചോദിച്ചു. 

“സംഭവത്തിൽ അന്വേഷണ വിധേയമായാണ് രണ്ട് ഡോക്ടർമാരെ സസ്പൻഡ് ചെയ്തത്. സമഗ്രമായ, വിശദമായ അന്വേഷണം നടത്തുന്നതിന് മെഡിക്കൽ വിദ്യാഭാസ വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും സംബന്ധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അതിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തം? വിദ്യാർത്ഥികൾക്കോ? ഇതിൽ വളരെ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കും. അതിൽ മാറ്റമില്ല. പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണ്. സസ്പൻഷൻ ശിക്ഷാനടപടിയല്ല. മാറ്റിനിർത്തി അന്വേഷണം നടത്തുകയാണ്. അത് സ്വീകരിക്കാനാവില്ല എന്ന രീതിൽ ആളുകളുടെ ജീവന് വിലയില്ലാത്ത രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ല. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശുപത്രികളാണ്. അപ്പോൾ ജനങ്ങൾക്ക് മികച്ച സേവനം നൽകണം. അതിനാണ് ആരോഗ്യവകുപ്പ് ശ്രമം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അത് നടത്തുന്നില്ലെങ്കിൽ സർക്കാർ നടപടികൾ സ്വീകരിക്കും. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമാർ ഇറങ്ങുന്നതിനു മുൻപ് വൃക്ക അടങ്ങിയ പെട്ടിയുമായി ഇവർ ഓടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മൊബൈൽ ക്യാമറയല്ല, അല്ലാതെ ഒരു ക്യാമറ അവിടെ ഉണ്ടായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. അങ്ങനെ ഒരു ക്യാമറ അവിടെ വന്നതെങ്ങനെ എന്നുള്ളതുൾപ്പെടെ അന്വേഷിക്കും.”- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് ഐസിയുവിലേക്ക് ഓടിക്കയറിയ അരുൺ ദേവ് പ്രതികരിച്ചിരുന്നു. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കൽ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താൻ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാർക്ക് പോലും അറിയില്ലായിരുന്നു എന്നും അരുൺ ദേവ് 24നോട് പറഞ്ഞു.