പരിക്കേറ്റ ആദം മില്‍നെക്ക് പകരക്കാരനായാണ് വെസ്റ്റ്ഇന്ഡീസുകാരന് അല്‍സാരി ജോസഫിനെ മുംബൈ ടീമിലെത്തിച്ചത്. ഒരൊറ്റ പ്രകടനം കൊണ്ട് ഏവരെയും അമ്പരപ്പിച്ച അല്‍സാരിക്കും പരിക്കേറ്റു. ഇപ്പോഴിതാ പുതിയൊരൊളെ അല്‍സാരിക്ക് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചിരിക്കുന്നു. 28കാരന് ദക്ഷിണാഫ്രിക്കയുടെ ബ്യൂറന്‍ ഹെന്ഡ്രിച്ചാണ് പുതിയ പന്തേറുകാരനായി മുംബൈയിലെത്തുന്നത്.
രാജസ്ഥാനെതിരായ മത്സരത്തിലാണ് അല്‍സാരി ജോസഫിന് പരിക്കേല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ജോസഫ് റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ ഈ മികവ് നിലനിര്ത്താനായതുമില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തില്‍ ഈ വര്‍ഷം ആദ്യത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു ഹെന്‍ഡ്രിച്ച്. അതേസമയം 2014ല്‍ കിങ്സ് ഇലവന് പഞ്ചാബ് ഹെന്ഡ്രിച്ചിനെ ടീമിലെത്തിച്ചിരുന്നു.
ഏഴ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകളാണ് ആ സീസണില്‍ ഹെന്‍ഡ്രിച്ച് സ്വന്തമാക്കിയത്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് ജയവും നാല് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്കിങ്സുമായാണ് മുംബൈയുടെ അടുത്ത മത്സരം.