Kerala

‘വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാൽ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബോധപൂർവം കുഴപ്പമുണ്ടാക്കി സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാൽ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന ഒരു മുന്നണിയല്ല കേരളത്തിലുള്ളത്. കറുത്ത മാസ്കിന് വിലക്കില്ല.

ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗതാഗത പ്രശ്‌നം ഉണ്ടാവുന്ന കാര്യം ആലോചിക്കേണ്ടത് സമരക്കാരെന്ന് മന്ത്രി പറഞ്ഞു. റോഡ് നിർമാണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കുനേരെ കണ്ണൂരിലും കരിങ്കൊടി. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുളള യാത്രയ്ക്കിടെയാണ് കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിന് സമീപം കെ.എസ്.യു പ്രവര്‍ത്തകന്‍ കരിങ്കൊടി കാട്ടി. പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകർ മര്‍ദിച്ചു. അതിനിടെ, തളാപ്പില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30പേര്‍ കരുതല്‍ തടങ്കലില്‍.