മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആളല്ലേയെന്ന് വി ഡി സതീശൻ പരിഹസിച്ചു. ഉമ്മൻചാണ്ടിയെ ഇടതുപക്ഷക്കാർ കല്ലെറിഞ്ഞ പോലെ ,ഞങ്ങൾ ആരേയും കല്ലെറിയില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഷാജ് കിരൺ ഇടനിലക്കാരൻ, വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. ഷാജ് കിരണിനെ ചുമതലപ്പെടുത്തിയത് ആരെന്ന് അറിയണം. പൊലീസിന്റെ ഇടനിലക്കാരനാണ്. രാഷ്ട്രീയ ആരോപണമെന്ന് പറയിപ്പിച്ച് രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു.
ഷാജിനെ ചോദ്യം ചെയ്യണ്ടെ? ഇവരുടെ ഇടനിലക്കാരനായതുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്.സ്വപ്നയെ ഭീഷണിപ്പെടുത്താനും സമ്മർദം ചെലുത്താനും സർക്കാർ ശ്രമിച്ചു. ബി.ജെ.പിക്കാർക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രി നിയമപരമായ വഴി തേടണം. തെറ്റായ വഴികളിലൂടെയാണ് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.
സർക്കാരിന്‍റെ മുഖം വികൃതമായതിനാലാണ് വിജിലൻസ് ഡയറക്ടറെ മാറ്റിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരുടെയെങ്കിലും സ്വാധീനം ഇല്ലാതെ വിജിലൻസ് ഡയറക്ടർ ഇങ്ങനെ ചെയ്യില്ല. വിജിലൻസ് ഡയറക്ടർ ബലിയാടായി. ഇത് മുഖം രക്ഷിക്കാനുളള നടപടിയാണ്. ജനങ്ങളുടെ മുന്നിൽ കളളക്കളി ചെലവാകില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.