നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിയില്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നല്‍കാനാകില്ലെന്ന നിലപാടിലാണ് ഹൈക്കോടതി.
അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്ന് വിശദീകരിച്ചാണ് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
നടന് ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടി പറയുന്നത്.
കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്കാന് നീക്കം നടക്കുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.