World

ചരിത്ര നിമിഷം; ഇത് ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളും…

ചിലരുടെ ജീവിത കഥകൾ നമുക്ക് പ്രചോദനമാകാറില്ലേ? ചിലത് നമുക്ക് ഏറെ സന്തോഷം നൽകും. അമേരിക്കയിൽ നിന്നുള്ള അമ്മയും മകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ പൈലറ്റുമാർ. ക്യാപ്റ്റൻ സുസി ഗാരറ്റ് 30 വർഷത്തിലേറെയായി പൈലറ്റാണ്. അടുത്തിടെ, മകളും ഫസ്റ്റ് ഓഫീസറുമായ ഡോണ ഗാരറ്റുമായി കോക്ക്പിറ്റ് പങ്കിട്ടതാണ് ചരിത്ര നിമിഷമായിരിക്കുന്നത്. ഇരുവരും നിലവിൽ യുഎസിൽ സ്കൈ വെസ്റ്റ് എയർലൈൻസിലാണ് ജോലി ചെയ്യുന്നത്.

ഒരുമിച്ച് വിമാനം പറത്തിയതിലൂടെ, ഒരു വാണിജ്യ വിമാനം ഒരുമിച്ച് പറത്തുന്ന ആദ്യത്തെ അമ്മ-മകൾ ജോഡിയായി സൂസിയും ഡോണയും മാറിയിരിക്കുകയാണ്. അമ്മയും മകളും മാത്രമല്ല, ഡോണയുടെ അച്ഛനും സഹോദരനും പൈലറ്റുമാരാണ്. “ഞങ്ങൾ ഞങ്ങളുടെ ജോലി തീർത്തും ഇഷ്ടപ്പെടുന്നു. എങ്കിലും ഞങ്ങളുടെ കുട്ടികളാരും പൈലറ്റുമാരാകുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നില്ല. പക്ഷെ വളർന്നപ്പോൾ അവരുടെ തീരുമാനവും ഇതുതന്നെയായിരുന്നു. അവരും ഈ ജോലി വളരെയധികം ഇഷ്ടപെടുന്നു. അതിൽ ഞങ്ങൾ സന്തുഷ്ടരുമാണ്. മകളുമൊത്തുള്ള ചരിത്രപരമായ വിമാനത്തിന് മുമ്പ് സുസി സ്കൈവെസ്റ്റ് എയർലൈൻസ് ബ്ലോഗിനോട് പറഞ്ഞു.

ചെറുപ്പം മുതലേ തന്നെ വ്യോമയാനരംഗത്ത് പരിചയമുണ്ടായിരുന്നുവെന്നും മാതാപിതാക്കളുടെ അഭിനിവേശവും വിമാനയാത്രയോടുള്ള ഇഷ്ടവുമാണ് പൈലറ്റാകാൻ തീരുമാനിച്ചതിന് പിന്നിലെന്ന് ഡോണയും പറഞ്ഞു. “അച്ഛനും അമ്മയും വലിയ പ്രചോദനമായിരുന്നു. അതുതന്നെയാണ് ഈ രംഗത്തോട്ട് കടന്നുവരാൻ കാരണവും. ഇന്ന് ഞാൻ വളരെയധികം സന്തോഷവതിയാണ്.” ഡോണ പറഞ്ഞു.

30 വർഷങ്ങൾക്ക് മുമ്പാണ് സൂസി തന്റെ ആദ്യ വിമാനം പറത്തിയത്. താൻ ഇത്രയും കാലം സ്കൈവെസ്റ്റിൽ തുടരുന്നതിന്റെ പ്രധാന കാരണവും ഈ ഇഷ്ടം തന്നെയാണ്. “എനിക്ക് ഇഷ്ടമാണ് ഈ തൊഴിൽ. ഞങ്ങൾ അനുഭവിച്ച അതെ അനുഭവം ഞങ്ങളുടെ കുട്ടികൾക്കും ലഭിക്കുന്നത് കാണാൻ കഴിയുന്നത് വളരെ ഭംഗിയുള്ള കാഴ്ചയാണ്. മകൾ ഇന്ന് സ്കൈവെസ്റ്റ് കുടുംബത്തിന്റെ ഭാഗമാണ്. അവൾക്ക് ഇത് ഒരു മികച്ച കരിയറായിരിക്കുമെന്ന് ഞാൻ കരുതുന്നു. വൈവിധ്യവും ആവേശവും ഇഷ്ടപെടുന്ന കൂട്ടത്തിലാണ് അവൾ,” മകളോടൊപ്പം ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാൻ സാധിച്ചതിനെ കുറിച്ച് സൂസി പറയുന്നു.