Kerala

പാലക്കാട്ടെ പൊലീസുകാരുടെ മരണം; സ്ഥലമുടമ സുരേഷ് അറസ്റ്റിൽ

പാലക്കാട്ടെ പൊലീസുകാരുടെ മരണത്തിൽ സ്ഥലമുടമ സുരേഷ് അറസ്റ്റിൽ. രാത്രി പന്നിക്ക് കെണിവച്ചത് സുരേഷാണെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ് വ്യക്തമാക്കി. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാവിലെ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും തുടർന്ന് മൃതദേഹം ചുമന്നും ഉന്തുവണ്ടിയിലും വയലിൽ കൊണ്ടിട്ടുവെന്നുമാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്.
പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവര്‍ക്കെതിരെ 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.