Cricket

ലഖ്‌നൗവിനെ 24 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ; പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തോടെ ആർആർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മൂന്നാം സ്ഥാനത്താണ്.

29 പന്തിൽ 41 റൺസെടുത്ത യശസ്വി ജയ്‍സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കൽ (18 പന്തിൽ 39), സഞ്ജു സാംസൺ (24 പന്തിൽ 32) എന്നിവരും തിളങ്ങി. ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ വെറും രണ്ട് റൺസെടുത്തു പുറത്തായത് രാജസ്ഥാനു തിരിച്ചടിയായി. തുടക്കത്തിൽ തന്നെ രാജസ്ഥാന് ബട്‍ലറെ നഷ്ടമായെങ്കിലും സഞ്ജുവും ജയ്സ്വാളും ചേർന്ന് ടീമിനെ രക്ഷിച്ചു. എട്ട് താരങ്ങളാണ് ലക്നൗവിനു വേണ്ടി പന്തെറിയാനെത്തിയത്. രവി ബിഷ്ണോയി രണ്ടു വിക്കറ്റും ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ലക്നൗവിനു വേണ്ടി ദീപക് ഹൂഡ (39 പന്തിൽ 59) അർധസെഞ്ചറി നേടിയെങ്കിലും ഓപ്പണർമാരും വാലറ്റവും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതു തിരിച്ചടിയായി. മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 27), ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 25) എന്നിവരാണു ലക്നൗവിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. ലക്നൗവിന്റെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളി.