പ്രശസ്ത ഗെയിമിങ് കമ്പനിയായ ഇഎ സ്പോർട്സും ഫിഫയും തമ്മിൽ വേർപിരിയുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമാവുന്നത്. ഈ വർഷത്തെ ഖത്തർ ലോകകപ്പിനു മുൻപ് പുറത്തിറങ്ങുന്ന ഫിഫ 23 ആവും ഇഎ സ്പോർട്സിൻ്റെ അവസാന ഫിഫ ഗയിം. അടുത്ത വർഷം മുതൽ ഇഎ സ്പോർട്സ് എഫ്സി എന്നാവും ഗെയിമിൻ്റെ പേര്.
വർഷം ഏകദേശം 1158 കോടി രൂപയാണ് (150 മില്ല്യൺ ഡോളർ) ഗെയിം ലൈസൻസിനായി ഇഎ സ്പോർട്സ് ഫിഫയ്ക്ക് നൽകുന്നത്. ഇതിൻ്റെ ഇരട്ടി പണം വേണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഫിഫ ആവശ്യപ്പെട്ടിരുന്നു. ഇതിനു സാധിക്കില്ലെന്ന് ഇലക്ട്രോണിക് ആർട്സ് നിലപാടെടുത്തു. ഇതിനെ തുടർന്നാണ് ഇരുവരും വേർപിരിയുന്നത്.
അതേസമയം, ഫിഫയുടെ കുത്തക ഒരാൾക്ക് മാത്രം നൽകാൻ കഴിയില്ലെന്നാണ് ഗവേണിങ് ബോഡിയുടെ നിലപാട്. ലോകകപ്പിനു മുൻപ് പല ഗെയിമുകളും ഇറങ്ങുമെന്നും ഫിഫ അറിയിച്ചു.
ഫിഫ എന്ന പേര് ഉപയോഗിക്കാനാവില്ലെങ്കിലും താരങ്ങളുടെയും ടീമുകളുടെയുമൊക്കെ ലൈസൻസ് ഇഎ സ്പോർട്സിനുണ്ടാവും. അടുത്ത വർഷത്തെ എഡിഷൻ മുതൽ ക്രോസ് പ്ലേ സംവിധാനം ഉണ്ടാവുമെന്ന് ഇഎ സ്പോർട്സ് അറിയിച്ചിരുന്നു. ക്രോസ് പ്ലേ സംവിധാനത്തിലൂടെ പ്ലേ സ്റ്റേഷൻ, എക്സ്ബോക്സ്, പിസി ഗെയിമർമാർക്ക് പരസ്പരം ഏറ്റുമുട്ടാൻ സാധിക്കും. ഫിഫ 23 മുതൽ ഗെയിം ഫ്രീ ആയി കളിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും തത്കാലം അതുണ്ടാവില്ലെന്ന് ഇഎ സ്പോർട്സ് അറിയിച്ചു.
ക്രോസ് പ്ലേ സംവിധാനത്തിനൊപ്പം പുരുഷ വനിതാ ലോകകപ്പുകളും ഫിഫ 23ൽ ഉണ്ടാവും. ഐഎസ്എൽ ഉൾപ്പെടെ ലോകത്തെ വിവിധ ഫുട്ബോൾ ലീഗുകളുടെ ലൈസൻസ് ഫിഫ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.