Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഉപതെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര. എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബി ജെ പിയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സജീവമായ ഇടപെടൽ നടത്തുകയാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം.

നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഐഎം. ഉടക്കി നില്‍ക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ട്വന്‍റി ട്വന്‍റി – ആപ് സംയുക്ത സ്ഥാനാര്‍ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഐ എം പ്രതീക്ഷ.

തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ച തുടരുകയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണു മുൻ തൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്.അത് കൂടി കഴിഞ്ഞു പ്രഖ്യാപനം വരാൻ ആണ് സാധ്യത.