തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചു. ആറു മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.
യോഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പി.ടി. തോമസിൻ്റെ സിറ്റിംഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വി.ഡി.സതീശനും ഒറ്റക്കെട്ടുമാണ്.
തൃക്കാക്കരയിൽ വികസനത്തിനൊപ്പം നിൽക്കും എന്ന പ്രസ്താവനയിലൂടെ കെ.വി.തോമസ് നൽകിയ സൂചനകളെ കെപിസിസി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഉമ തോമസിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പലതരം വിമർശനങ്ങളുണ്ടാവാനുള്ള സാധ്യത ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ തൃക്കാക്കരയിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഉമയാണ് എന്ന് കെ.സുധാകരനും സംഘവും കരുതുന്നു. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. പി.ടി.തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.