ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റന്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ കളിച്ച 8 എണ്ണവും തോറ്റ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. 5 തവണ കപ്പുയർത്തിയ മുംബൈയ്ക്ക് ഈ സീസണിൽ ഒരു ജയമെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
നാണക്കേടിന്റെ പടുകുഴിയിൽ വീണ മുംബൈ, ഇന്നും തോൽക്കുകയാണെങ്കിൽ നായകൻ ഉൾപ്പെടെ പല പ്രമുഖർ ടീമിന് പുറത്താകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് പുറത്തായി കഴിഞ്ഞു. ഇനിയുള്ള ആറ് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാനാവില്ല. പക്ഷേ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ടീമിന് മറ്റുള്ളവരുടെ വഴി മുടക്കാൻ കഴിയും. അതുകൊണ്ട് മുംബൈയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം.
ദുർബലമായ ബാറ്റിംഗ് നിരയും, മൂർച്ഛയില്ലാത്ത ബൗളിംഗുമാണ് ടീം നേരിടുന്ന വെല്ലുവിളി. ഹിറ്റ്മാൻ്റെ നിഴൽ പോലും ഒരു മത്സരത്തിലും കണ്ടിരുന്നില്ല. കോടികൾ ചിലവാക്കി ടീമിൽ എത്തിച്ച ഇഷാന് കിഷന് മുംബൈയ്ക്ക് ബാധ്യതയായി മാറി. കീറോൺ പൊള്ളാർഡിനും റൺസ് കണ്ടെത്താൻ കഴിയുന്നില്ല. സൂര്യകുമാര്‍ യാദവിലും തിലക് വര്‍മയിലുമാണ് അൽപ്പമെങ്കിലും പ്രതീക്ഷയുള്ളൂ. ബൗളിംഗിൽ ബുംറയടക്കം എല്ലാവരും നിരാശപ്പെടുത്തുമ്പോള്‍ ഇനി എന്ത് എന്ന ചോദ്യമാണ് മുംബൈ ക്യാമ്പിൽ ഉയരുന്നത്.
മറുഭാഗത്ത് സഞ്ജുവിൻ്റെ രാജസ്ഥാൻ കരുത്തരാണ്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് തോൽവിയുമായി അവര്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ 26 മത്സരത്തിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണ മുംബൈയും 12 തവണ രാജസ്ഥാനും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ പോയി. അവസാന ഏഴ് മത്സരത്തില്‍ 4-2ന് മുന്നിട്ട് നില്‍ക്കുന്നത് രാജസ്ഥാന് റോയല്‍സാണ്. ഈ സീസണിലെ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 23 റണ്‍സിന്റെ ജയം രാജസ്ഥാനൊപ്പമായിരുന്നു.
അതേസമയം ഗുജറാത്തിനെ നേരിടാൻ ഇറങ്ങുന്ന ആർസിബിയുടെ അവസ്ഥ പരുങ്ങലിലാണ്. 9 മത്സരത്തില്‍ 5 ജയവും 4 തോല്‍വിയും വഴങ്ങിയ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്താണ്. ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്സ് വെല്‍ എന്നിവരുടെ മോശം ഫോമാണ് ആര്‍സിബിക്ക് തിരിച്ചടിയാവുന്നത്. എട്ട് മത്സരത്തില്‍ നിന്ന് ഏഴ് ജയവും ഒരു തോല്‍വിയും വഴങ്ങിയ ഗുജറാത്ത് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.