ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചർ യുണൈറ്റഡിൻ്റെ മുൻ പരിശീലകൻ റാൽഫ് റാഗ്നിക്ക് ഇനി ഓസ്ട്രിയൻ ദേശീയ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കും. ഓസ്ട്രിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഗെർഹാഡ് മില്ലെറ്റിച് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രിയൻ പരിശീലകനായെങ്കിലും റാൽഫ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉപദേശകനായി തുടരും.
അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാൻ ഡച്ച് കോച്ച് എറിക് ടെൻ ഹാഗിനെ നിയമിച്ചിരുന്നു. ടെൻ ഹാഗ് പുതിയ പരിശീലകനായി ചുമതലയേറ്റ വിവരം ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2017 മുതൽ ഡച്ച് ക്ലബ് അയാക്സിൻ്റെ പരിശീലകനായിരുന്നു ടെൻ ഹാഗ്.
അടുത്ത സീസൺ മുതലാവും ഡച്ച് പരിശീലകൻ മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കുക. മൂന്ന് വർഷത്തേക്കാണ് ടെൻ ഹാഗ് കരാർ ഒപ്പിട്ടിരിക്കുന്നത്. ടെൻ ഹാഗിനൊപ്പം അയാക്സിന്റെ സഹ പരിശീലകൻ മിച്ചൽ വാൻ ഡെർ ഗാഗും യുണൈറ്റഡിലേക്കെത്തും. നിലവിലെ താത്കാലിക പരിശീലകൻ റാൽഫ് റാഗ്നിക്കിന്റെ കരാർ ഈ സീസണിൽ അവസാനിക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനങ്ങളാണ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒലെ ഗണ്ണർ സോൾക്ഷ്യാറിനു കീഴിൽ നിരാശപ്പെടുത്തിയ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ റാഗ്നിക്ക് എത്തിയെങ്കിലും പ്രകടനത്തിൽ പുരോഗതിയുണ്ടായില്ല. സീസണിൽ 55 പോയിൻ്റുള്ള യുണൈറ്റഡ് പട്ടികയിൽ ആറാം സ്ഥാനത്താണ്.