Football Sports

സന്തോഷ് ട്രോഫി: സൂപ്പർ സബ് ജെസിൻ; നേടിയത് അഞ്ച് ഗോളുകൾ; കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടകയെ തകർത്ത് കേരളം. മൂന്നിനെതിരെ 7 ഗോളുകൾക്കാണ് കേരളത്തിൻ്റെ ജയം. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ നേടി. ആദ്യ പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയാണ് ജെസിൻ അസാമാന്യ പ്രകടനം നടത്തിയത്.

പയ്യനാട് നടന്ന മത്സരത്തിൽ കേരളം തന്നെയാണ് മികച്ചുനിന്നത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിനു മുന്നിൽ കർണാടക ചൂളി. തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. 25ആം മിനിട്ടിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി കർണാടക ഗോളടിച്ചു. ക്യാപ്റ്റൻ സുധീർ കൊടികേലയാണ് കളിയുടെ ഗതിക്ക് വിപരീതമായി വല തുളച്ചത്. ഇതോടെ പരിശീലകൻ ബിനോ ജോർജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിലിറക്കി. പിന്നെ ഒരു ജെസിൻ ഷോ ആണ് കളത്തിൽ കണ്ടത്. 35ആം മിനിട്ടിൽ ഗോളടി ആരംഭിച്ച കേരള യുണൈറ്റഡ് താരം 43, 44 മിനിട്ടുകളിൽ കൂടി ലക്ഷ്യം കണ്ട് ഹാട്രിക്ക് തികച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഷിഗിൽ കൂടി ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ ഒന്നിനെതിരെ നാല് ഗോൾ ലീഡ് നേടി പിരിഞ്ഞു.

54ആം മിനിട്ടിൽ കമലേഷിലൂടെ കർണാടക ഒരു ഗോൾ തിരിച്ചടിച്ചു. തൊട്ടടുത്ത മിനിട്ടിൽ ജെസിൻ്റെ നാലാം ഗോൾ. 61ആം മിനിട്ടിൽ ജയരാജും കേരളത്തിനായി ലക്ഷ്യം ഭേദിച്ചു. 71 ആം മിനിട്ടിൽ സോലൈമലൈയിലൂടെ കർണാടകയുടെ മൂന്നാം ഗോൾ. 75ആം മിനിട്ടിൽ ജെസിൻ തൻ്റെ അഞ്ചാം ഗോൾ പൂർത്തിയാക്കി.

ഫൈനലിൽ വെസ്റ്റ് ബംഗാളോ മണിപ്പൂരോ ആവും കേരളത്തിൻ്റെ എതിരാളികൾ