ബ്രൂസിലി കോൺട്രാക്ടർ
പതിവുപോലെ ചീട്ടുകളിയും അതിനിടയ്ക്ക് ജോർജ്കുട്ടിയുടേയും പരുന്തിൻകൂട് ശശിയുടേയും കവിതചൊല്ലലും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി രണ്ടുമണികഴിഞ്ഞിരുന്നു. യാതൊരുകാരണവശാലും ഞങ്ങളെ ഉച്ചവരെ ശല്യപ്പെടുത്താൻ പാടില്ല എന്ന് എല്ലാവരോടും കർശ്ശനമായി പറഞ്ഞിരുന്നു
എന്നാൽ കാലത്തു് സുഖമായി ഉറങ്ങികിടക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേൽക്കേണ്ടിവന്നു.അരിശം സഹിക്കവയ്യാതെ ദേഷ്യപ്പെട്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതൻ നിൽക്കുന്നു.
“എന്താ?എന്തുവേണം?”
അയാൾ എന്തോ പറഞ്ഞു.
ആഗതന് ഞാൻ പറയുന്നത് ഒന്നും മനസ്സിലായില്ല എന്നുതോന്നുന്നു.
“ഏന് ബേക്കൂ ?” അറിയാവുന്ന കന്നഡയിൽ ചോദിച്ചു.
അയാൾ എന്തൊക്കെയോ കന്നഡയിൽ പറഞ്ഞു.. ഞങ്ങളുടെ സുഹൃത്ത് നടരാജൻ മർദ്ദനമേറ്റ് ആസ്പത്രിയിലാണ്.നടരാജൻ ഞങ്ങളെ കാണണം എന്ന് പറയുന്നു,ഇതാണ് ഞങ്ങൾക്ക് മനസ്സിലായത്.
പക്ഷെ ഞങ്ങൾക്ക് നടരാജൻഎന്ന പേരിൽ ഒരാളെ അറിയില്ല.അങ്ങനെ ഒരു സുഹൃത്ത് ഞങ്ങൾക്കില്ല .ചിലപ്പോൾ ആള് മാറിയതായിരിക്കും ,എന്നുപറഞ്ഞിട്ട് അയാൾ സമ്മതിക്കുന്നില്ല.
നടരാജനെ ശിവാജിനഗർ ബൗറിങ് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് ,പോലീസ് കേസ് എടുത്തിട്ടുണ്ട്,ആരാണ് മർദിച്ചത് എന്നറിഞ്ഞുകൂട, തുടങ്ങിയ വിവരങ്ങളും അയാളിൽ നിന്നും കിട്ടി.
ഞങ്ങൾ വന്നേക്കാം, എന്നുപറഞ്ഞു അയാളെ ഒരു തരത്തിൽ ഒഴിവാക്കി.
ജോർജ്കുട്ടി പറഞ്ഞു,” ആരാണ് ഈ നടരാജൻ ?ഒരു പിടിയും കിട്ടുന്നില്ല.നമ്മൾക്കു അച്ചായനോട് ഒന്ന് ചോദിച്ചുനോക്കാം.”
“നമ്മളുടെ കോൺട്രാക്ടർ രാജൻ അല്ലെങ്കിൽ ബ്രൂസ്സിലി രാജൻ എന്ന് വിളിക്കുന്ന ആളുടെ ശരിയായ പേര് നടരാജൻ എന്നാണ്. ”
രാജൻ എന്നുവിളിക്കുന്ന കോൺട്രാക്ടർ രാജനാണ് പാർട്ടി എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് എല്ലാം വെറും ഒരു തമാശ ആയിട്ടാണ് തോന്നിയത്.
ഞങ്ങൾ രാജനെപരിചയപ്പെടുന്നത് ഒരു ബസ് യാത്രയിൽ ആണ്.
കഷ്ട്ടിച്ചു 5 അടി ഉയരം.കയ്യിൽ എപ്പോഴും ഒരു ബ്രീഫ് കേസ് കാണും.അയാൾ സ്വയം പരിചയപ്പെടുത്തുക കോൺട്രാക്ടർ രാജൻ എന്നാണ്.
രാജൻ ബ്രൂസ്സിലിയുടെ കടുത്ത ആരാധകനാണ്.സ്വദേശം പാലക്കാട് ആണ്. സംസാരിക്കുമ്പോൾ വളരെ തിരക്ക് അഭിനയിക്കും.വർത്തമാനം തുടങ്ങിയാൽ രണ്ടോ മൂന്നോ മണിക്കൂർ സംസാരിച്ചുനിൽക്കും.ഇടക്കിടക്ക് തിരക്കാണ് പോകണം എന്നുപറയുമെങ്കിലും സംസാരം തുടർന്നുകൊണ്ടിരിക്കും.
കയ്യിലെ ബ്രീഫ് കേസിൽ കോൺട്രാക്ട് വർക്കുകളുടെ ഡോക്യുമെൻസ് ആണ് എന്നാണ് പറയുക.
ഞങ്ങൾ പരിചയപ്പെട്ടവരിൽ ഒരു രസികൻ കഥാപാത്രമായിരുന്നു രാജൻ.പറഞ്ഞാൽ തീരാത്ത കഥകൾ രാജനെ സംബന്ധിച്ചുണ്ട്.
കുള്ളനായ രാജൻ ബ്രീഫ് കേസ് താങ്ങിപ്പിടിച്ച് പോകുന്നത് കാണുമ്പോൾ തന്നെ ചിരിവരും . എപ്പോഴും നല്ല ടിപ്പ് ടോപ്പ് വസ്ത്രങ്ങൾ ധരിച്ചു് ഫ്രഞ്ച് താടിയും മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയും കയ്യിൽ ഒരു ബ്രീഫ് കേസുമായി പുതിയ കോൺട്രാക്ട് ജോലികൾ തേടി രാജൻ കാലത്തുള്ള ബസ്സിൽ പോകുന്നത് കാണാം.
ഞാനും ജോർജുകുട്ടിയും സിറ്റി മാർക്കറ്റിൽ നിന്ന് ഞങ്ങളുടെ താമസ സ്ഥലത്തേക്ക് വരികയായിരുന്നു ബസ്സിൽ ഞങ്ങളുടെ മുൻസീറ്റിൽ ഒരു മലയാളം വാരികയും വായിച്ചു ഇരിക്കുകയായിരുന്നു രാജൻ.
അയാൾ തിരിഞ്ഞുനോക്കി ചിരിച്ചു,പരിചയപ്പെട്ടു
രാജൻ താൻ ഒരു കോൺട്രാക്ടർ ആണെന്നും ഒരു കൊട്ടേഷൻ കൊടുത്തിട്ട് വരികയാണെന്നും ഞങ്ങളോട് പറഞ്ഞു. കോൺട്രാക്ടർമാർ നേരിടുന്ന പല പ്രശ്നങ്ങളെ കുറിച്ചും അയാൾ വിശദമായി സംസാരിച്ചു. എല്ലാം ഞങ്ങൾ കേട്ടിരുന്നു.
ഏതോ പാർട്ടിയെ കാണാനുണ്ടെന്നും അത്യാവശ്യമായ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് എന്നും പറഞ്ഞു അയാൾ ഇടക്ക് ഇറങ്ങി.
ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ നിർഭാഗ്യവശാൽ കയ്യിലിരുന്ന ബ്രീഫ് കേസ് എവിടെയോ തട്ടി തുറന്നു പോയി.
അതിലുണ്ടായിരുന്ന സാധനങ്ങളെല്ലാം റോഡിലേക്ക് വീണു.
രണ്ടു മൂന്ന് ഉളികൾ ഒരു മുഴക്കോൽ ഒരു ചുറ്റിക പിന്നെ ഏതാനും കടലാസുകളും ആയിരുന്നു ആ പെട്ടിയിൽ ഉണ്ടായിരുന്നത്. രാജൻ ചുറ്റുപാടും നോക്കി. പറ്റിപോയ അബദ്ധം ഞങ്ങൾ കണ്ടോ എന്നാണ് അയാൾ നോക്കുന്നത്.
ഒന്നും കാണാത്ത ഭാവത്തിൽ ഞങ്ങൾ അകലേക്ക് നോക്കിയിരുന്നു.
ചുരുക്കത്തിൽ ജോലി ആശാരി പണിയാണ് എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്.എസ്സ് .എസ്സ് എൽ സി.പാസ്സായ താൻ ആശാരിപ്പണി ചെയ്യുന്നത് കുറച്ചിലാണ് എന്നാണ് രാജൻ കരുതുന്നത്.
“മർദ്ദനമേറ്റ് ആസ്പത്രിയിലായിരിക്കുന്ന നടരാജൻ നമ്മളുടെ രാജൻ തന്നെ ആയിരിക്കും,നമ്മുക്ക് ഒന്ന് പോയി അന്വേഷിച്ചിട്ടുവരാം.”ജോർജ്കുട്ടി പറഞ്ഞു.
ഞങ്ങൾ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ രാജൻ രണ്ടുമൂന്ന് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ട് ബെഡ്ഡ്ഡിൽ കിടക്കുകയാണ്.
സുഹൃത്തുക്കൾ പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ വിവരം തിരക്കി.രാജൻറെ .മുൻവശത്തെ രണ്ടുപല്ലുകൾ അടികിട്ടി ഇളകിപോയിരുന്നു. ജോർജ്ജുകുട്ടി പറഞ്ഞു,” ഇത് കരാട്ടെ പഠിക്കുന്നവർ ഉപയോഗിക്കുന്ന നിഞ്ചക്ക് കൊണ്ട് കിട്ടിയ അടി പോലെ തോന്നുന്നു.”
രാജൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു ,”അബദ്ധത്തിൽ പ്രാക്ടീസ് ചെയ്യുമ്പോൾ നിഞ്ചക്കിൽ നിന്നും പിടിവിട്ടുപോയി ഞാനാരോടും ഈ വിവരംപറഞ്ഞിട്ടില്ല.”
രാജൻ സ്വന്തമായി ഉണ്ടാക്കിയതാണ് നെഞ്ചക്ക്..രണ്ടു തടിക്കഷണങ്ങൾ ഒരു ചെയിൻ ഉപയോഗിച്ച് രണ്ടറ്റത്തും പിടിപ്പിക്കും.അത് എടുത്ത് വീശി പരിശീലിക്കുന്നതിനിടക്ക് പിടി വിട്ടുപോയി. അത് മുഖത്തുതന്നെ കൃത്യമായി കൊണ്ടു .അടിയുടെ ശക്തിയിൽ രണ്ടു പല്ല് ഇളകി പോയി.രക്തത്തിൽ കുളിച്ചു് അബോധാവസ്ഥയിൽ കിടന്നരാജനെ അയൽക്കാർ ആസ്പത്രിയിലാക്കി..
.”ഈ വിവരം മറ്റുള്ളവരോട് പറഞ്ഞു നാണംകെടുത്തരുത്” രാജൻ്റെ അപേക്ഷയാണ്..
രാജൻ ഞങ്ങളെ രണ്ടുപേരെയും അടി മുടി നോക്കിയിട്ട് ഒരു ചോദ്യം.
” സാധാരണ രോഗികളെ സന്ദർശിക്കുന്നവർ എന്തെങ്കിലും ഫ്രൂട്ട്സ്, ഓറഞ്ച്, ആപ്പിള്, മുന്തിരി ഇങ്ങനെ എന്തെങ്കിലും കൊണ്ടുവരും. നിങ്ങൾ എന്താ മറന്നുപോയോ?”.
ജോർജുകുട്ടി പറഞ്ഞു,”അത് രോഗികൾക്ക് കൊടുക്കാൻ.ഈ മണ്ടത്തരത്തിന് ഞങ്ങൾ ഓറഞ്ച് വാങ്ങി തരണോ?”
രാജൻ കിടക്കുന്ന കട്ടിലിൻറെ പിറകിൽ ഒരു വലിയ ചാക്ക് കെട്ട് ഇരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
സന്ദർശകർ കൊണ്ടുവന്ന ഓറഞ്ച് ആപ്പിൾ മുന്തിരി തുടങ്ങിയവ ശേഖരിച്ചു വച്ചിരിക്കുകയാണ്.
ഞങ്ങൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല
ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം രാജൻ തിരിച്ചുവന്നു .
ആശുപത്രിയിൽ നിന്നും സസുഖം തിരിച്ചെത്തിയ രാജന് ഒരു സ്വീകരണം കൊടുക്കണം എന്നത് പരുന്തുംകൂട്ടിൽ ശശിയുടെ അഭിപ്രായമായിരുന്നു.ആർക്കും എതിരഭിപ്രായമില്ല.”സമൂഹത്തിലെ ഇത്തരം കുൽസിത പ്രവർത്തികളിൽനിന്നും സാധാരണക്കാരെ രക്ഷിക്കേണ്ടത് പൊതുജനത്തിൻറെ കർത്തവ്യമല്ലേ?”
ശശിയുടെ ചോദ്യത്തിന് എല്ലാവരും “യെസ്”എന്ന് മറുപടി പറഞ്ഞു.
അതിനോടനുബന്ധിച്ച് കൊല്ലം രാധാകൃഷ്ണൻ ഒരു കഥാപ്രസംഗവും ശശി ഒരു കവിതയും ചൊല്ലാം എന്നും പറഞ്ഞെങ്കിലും ഐക്യകണ്ഠമായി പ്രമേയം തള്ളിക്കളഞ്ഞു.
രാജൻ്റെ അയൽവക്കത്ത് ഒരു ഫിലിം പ്രൊഡ്യൂസർ താമസ്സത്തിന് വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ വിരോധം ഉണ്ടോ എന്നും രാജൻ ചോദിച്ചു. ഞങ്ങൾ എല്ലാവർക്കും അങ്ങനെ ഒരാളെ പരിചയപ്പെടുന്നത് താല്പര്യം ആയിരുന്നു
എങ്ങനെയെങ്കിലും ഏതെങ്കിലും സിനിമകളിൽ തല കാണിക്കണമെന്ന് ഞങ്ങൾ രണ്ടുപേർക്കും ആഗ്രഹം ഉണ്ടായിരുന്നു.
പരിപാടിയുടെ അവസാനം ബാറിൽ ഒന്നിച്ചുചേരാം എന്നത് ഏകകണ്ഠമായ തീരുമാനം ആയിരുന്നു…
ഞങ്ങൾ കൂടുതൽചർച്ചക്കയായി വിനായക ബാറിൽ ഒന്നിച്ചു കൂടി.
പരുന്തുംകൂട് ശശി പറഞ്ഞു,”എനിക്ക് കല്യാണി മതി.”
“അവൾ ലീവിലാണ്.”ബാർ മാനേജർ കോശി പറഞ്ഞു.
“ശ്ശേ,വൃത്തികെട്ടവൻ,ഞാൻ കല്യാണി ബിയർ വേണം എന്നാണ് പറഞ്ഞത്.”
“നിങ്ങൾക്ക് വിജയേട്ടനെ എടുക്കട്ടേ?”കോശി ഞങ്ങളോടായി ചോദിച്ചു.
“വിജയേട്ടനോ?”
“അതെ,വിജയ് മല്യയുടെ കിംഗ് ഫിഷർ”.
ബിയർ കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു,” കോൺട്രാക്ടറെ എനിക്കും ജോർജ്ജുകുട്ടിക്കും സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെഅയലോക്കത്തെ സിനിമ നിർമ്മാതാവിനെ ഒന്ന് പരിചയപ്പെടുത്തി തരാമോ?”
” ഓ അതിനെന്താ? ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ് ഞാൻ പരിചയപ്പെടുത്തിത്തരാം.സത്യം പറയാലോ നിങ്ങൾ രണ്ടുപേരും നേരത്തെ തന്നെ ഏതെങ്കിലും സിനിമയിൽ അഭിനയിക്കേണ്ടവർ ആയിരുന്നു.”
ബാറിലെ ബില്ല് കൊടുക്കാൻ കയ്യിൽ കാശ് ഇല്ലാത്തതുകൊണ്ട് രണ്ടു പേരെയും പൊക്കി പറയുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
അപ്പോഴാണ് ജോർജ്ജുകുട്ടി ഒരു പുതിയ സബ്ജക്റ്റ് എടുത്തിട്ടത്.
“ഞങ്ങളുടെ വീടിൻ്റെ മുൻവശത്തെ വാതിലിൻ്റെ പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്.അത് ഒന്ന് ശരിയാക്കി കിട്ടിയാൽ നന്നായിരുന്നു.”
രാജൻ പെട്ടെന്ന് പറഞ്ഞു,”സൈലൻസ് , കോൺട്രാക്ട് എടുത്തിരിക്കുന്നു.”
കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ പാക്കറ്റ് എടുത്ത് അതിൻ്റെ പുറത്തു എഴുതിക്കൂട്ടി,എന്നിട്ട് പറഞ്ഞു,”ഞാൻ ഒരു കൊട്ടേഷൻ തരാം”.
അര മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി.
രാജൻ വിൽസ് സിഗരറ്റ് മാത്രമേ വലിക്കൂ.സിസ്സേർസ്,ബർക്കിലി,ചാർമിനാർ തുടങ്ങിയ സിഗററ്റുകളോട് പുശ്ചമാണ്.
വിൽസ് പാക്കറ്റിന് പുറത്തു് കൊട്ടേഷൻ എഴുതിക്കൂട്ടി,”അമ്പതു രൂപ.”
ജോർജ് കുട്ടി അതുമേടിച്ചു് വലിച്ചുകീറി രാജൻ്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,”എടൊ ആശാരി,താൻ വന്ന് ആ സ്ക്രൂ അഴിച്ചു് ഒന്ന് ഫിറ്റ് ചെയ്യ്.അവൻ്റെ സിഗരറ്റ് പാക്കിൻ്റെ പുറത്തു കൊട്ടേഷൻ”.
“കോൺട്രാക്ടർ മാരെ അപമാനിക്കരുത് ജോർജ്കുട്ടി,”രാജൻ പറഞ്ഞു.
രാജൻ ബ്രീഫ് കേസ് എടുത്തു.അത് തുറക്കാൻ തുടങ്ങി.ഉടനെ എന്തോ ഓർമ്മിച്ചു വേണ്ടന്ന് വച്ചു..
എനിക്ക് വർക്ക് സൈറ്റ് കാണണം, രാജൻ ബ്രീഫ് കേസും എടുത്തു ഇറങ്ങി.
ഞങ്ങൾ രാജനെ അനുഗമിച്ചു.
വാതിൽക്കൽ കോൺട്രാക്ടർ അല്പസമയം ധ്യാനിച്ച് നിന്നു. വാതിലിലെ പൂട്ടിൽ തൊട്ട് തലയിൽ വച്ചു, അതിനുശേഷം സ്ക്രൂഡ്രൈവർ എടുത്തു ലോക്ക് അഴിച്ചെടുത്തു.
അതിനടിയിൽ ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം.രാജൻ അരമണിക്കൂർ ആലോചിച്ചു.പിന്നെ വിൽസ് പാക്കറ്റ് പോക്കറ്റിൽ നിന്നും പുറത്തെടുത്തു.സിഗരറ്റുകൾ എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി.
വിൽസ് സിഗരറ്റിൻ്റെ കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് തിരിച്ചു് ഫിറ്റ് ചെയ്തു.
പണി കഴിഞ്ഞു.
ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്തു് വിൽസിൻ്റെ പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
“അറുപതു രൂപ.”
“താൻ കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?”
“വിൽസിൻ്റെ പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്.അതുകൊണ്ട് തുക കൂടി”.
“മഴ നനഞ്ഞാൽ പാക്കിങ് പോകില്ലേ?”
“മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?”.
ജോർജ് കുട്ടി പറഞ്ഞു.”ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ പിടിച്ചോ.”
ഞാൻ പറഞ്ഞു,” ജോർജ്ജുകുട്ടി പൈസ കൊടുക്കാൻ വരട്ടെ. ഈ ലോക്ക് എങ്ങനെ തുറക്കും തല തിരിച്ചാണ് ഫിറ്റ് ചെയ്തിരിക്കുന്നത്.”
“തല തിരിഞ്ഞു പോയി എന്ന് മാത്രം പറയരുത് അത് മുകളിൽ നിന്ന് നോക്കിയാൽ പോരേ?. ഇത് അഴിച്ചു ഫിറ്റ് ചെയ്യാൻ ഞാൻ വേറൊരു കൊട്ടേഷൻ തരാം.”
ജോർജ്കുട്ടി എന്നോടായിപറഞ്ഞു,”ഇയാളെ ഓടിക്കാൻ നമ്മുക്ക് ഒരു കൊട്ടേഷൻ കൊടുക്കാം.”
“കോൺട്രാക്ടർമാരെ അപമാനിക്കരുത്.ഈ നാടിൻറെ സ്പന്ദനം അവരുടെ കൈകളിലാണ്.”രാജൻ.
ഞങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ ഞങ്ങളുടെ അടുത്തെക്ക് വന്നു.
“ആരാ നടരാജൻ?”
രാജൻ നടുങ്ങി മുഖം വിളറി വെളുത്തു.ഞങ്ങളെ ദയനീയമായി നോക്കി.അപ്പണ്ണ രാജൻ കാണാതെ ഞങ്ങളെ കണ്ണിറുക്കി കാണിച്ചു.
“സംഗതി വളരെ ഗൗരവം ഉള്ളതാണ്,വ്യാജ ഏറ്റുമുട്ടൽ.ചിലവ് ചെയ്യാതെ പറ്റില്ല.തൽക്കാലം ഹാഫ് ബോട്ടിൽ വിസ്കിയിൽ നിറുത്താം”.
(contd)
————————————————————–
“ഇങ്ങനെയാക്കെയല്ലേ കലാകാരൻമാർ ജനിക്കുന്നത്?” ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാഗ്ലൂർ ഡേയ്സ് ഏഴാം ഭാഗം .
ബാഗ്ലൂർ ഡേയ്സ് -7
കഴിഞ്ഞുപോയ ഒരാഴ്ച ജോർജ്കുട്ടിയും ഞാനും വലിയ തിരക്കിലായിരുന്നു.ജോലി കഴിഞ്ഞു വന്നാൽ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു.അത് കാരണം ഞങ്ങൾ ചീട്ടുകളിയും പൊതുജനസമ്പർക്കവും വളരെ നിയന്ത്രിച്ചു.
ഒരു ചായയും കുടിച്ചു് വൈകുന്നേരം ഞാനും ജോർജ്കുട്ടിയും കുറച്ചുസമയം നടക്കാൻ പോകും.
എന്തുകൊണ്ടോ രണ്ടുമൂന്ന് ദിവസമായി ജോർജ്കുട്ടിക്ക് ഒരു മൗനം.സാധാരണയായി എന്തെങ്കിലും വിഷയങ്ങൾ കണ്ടുപിടിച്ചു് ചർച്ച നടത്താൻ മുൻകൈ എടുക്കുന്ന ജോർജ്കുട്ടിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല.
എന്തുപറ്റി ഇയാൾക്ക് എന്ന് പലതവണ ഞാൻ ചോദിക്കാൻ തുടങ്ങിയതാണ്.
എന്തോ പ്രശനം ഉണ്ട് എന്നതിൽ സംശയമില്ല.
“തന്നോട് ഒരു കാര്യം പറയാനുണ്ട്.സാധാരണപോലെ തമാശ ആയി കാണരുത്.”ജോർജ്കുട്ടി മൗനംവെടിഞ്ഞു.
“ഏയ്,എന്താ കാര്യം? എന്തുപറ്റി?ഞാൻ സീരിയസ്സാണ് .”
“ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു.”
“മിടുക്കൻ;എന്നിട്ട് ?”
“എന്നിട്ട് എന്താ?അത്രതന്നെ.”
“ബാക്കികൂടി പറയൂ.ഏതു ഗൗഡരുടെ മകളാണ് എന്നുകൂടി പറയു”.ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു.
“അപ്പോൾ എല്ലാം താൻ അറിഞ്ഞോ?”
“എല്ലാം അറിയുന്നവൻ ഞാൻ.പറയൂ എന്നിട്ട് എന്ത് സംഭവിച്ചു?”
“അവൾ എന്നെ കാണുമ്പൊൾ ചിരിക്കും.”
“അത്രയും ചീപ്പ് ആണോ അവൾ?”
“അതെന്താ താൻ അങ്ങനെ പറയുന്നത്?”
“എടോ ,തന്നെ കണ്ടാൽ ആരും ചിരിച്ചുപോകും.സംശയമുണ്ടെങ്കിൽ താൻ ഒരു കണ്ണാടി എടുത്ത് അതിൽ തൻ്റെ മുഖം ഒന്ന് നോക്ക്.എനിക്ക് ചിരിവരുന്നുണ്ടെങ്കിലും ഞാൻ കടിച്ചുപിടിച്ചു് അങ്ങ് സഹിക്കുകയാണ്.”
ജോർജ്കുട്ടിക്ക് ഞാൻ പറഞ്ഞ തമാശ ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്ത് നോക്കിയാൽ അറിയാം. പിന്നെ ജോർജ്കുട്ടി ഒന്നും പറഞ്ഞില്ല.
ഞങ്ങൾ നടന്ന് ഇന്നർ സർക്കിളിന് അടുത്തെത്തിയിരുന്നു.അവിടെ നമ്മളുടെ കവി പരുന്തും കൂട് ശശി ഏതാനും ആളുകളുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നു.
“അയാൾ അറിഞ്ഞാൽ കവിത എഴുതും.ബാക്കി പിന്നെപറയാം”.ജോർജ്കുട്ടി പറഞ്ഞു.
“നമ്മളുടെ കൊല്ലം രാധാകൃഷ്ണൻ ഒരു കഥ തേടി നടക്കുകയാണ്,കഥാപ്രസംഗത്തിന്. ചിരിക്കുന്ന പൂതന എന്ന പേര് എങ്ങനെയുണ്ട്?”.ഞാൻ ചോദിച്ചു.
കാണാത്ത ഭാവത്തിൽ ഞങ്ങൾ നടക്കാൻ തുടങ്ങിയതാണ്.പക്ഷേ,കവി ഞങ്ങളെ കണ്ടു കഴിഞ്ഞു.കവിയുമായി അല്പസമയം വർത്തമാനം പറഞ്ഞുകൊണ്ട് നിന്നു.പരുന്തുംകൂട് അയാൾ എഴുതിയ ഒരു പുതിയ കവിത ചൊല്ലിക്കേൾപ്പിച്ചു.
ഒരു മറുനാടൻ മലയാളി ഒരു ഗൗഡരുടെ മകളെ പ്രേമിച്ചതായിരുന്നു ഇതിവൃത്തം.അതുകൊണ്ടുതന്നെ ജോർജ്കുട്ടിക്ക് കേട്ടുനിൽക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. തിരിച്ചുപോരുമ്പോൾ .ജോർജ്കുട്ടി പിന്നെ ആ വിഷയത്തെക്കുറിച്ചു ഒന്നും സംസാരിക്കാൻ എന്തുകൊണ്ടോ ഉത്സാഹം കാണിച്ചില്ല.
വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്.ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട് വളരെ സമയം ചീട്ടുകളിച്ചിരുന്നു.
ചീട്ടുകളിയുടെ ഉസ്താദ് ആണ് സെൽവരാജൻ.ഒരു പാക്കറ്റ് ചീട്ടുകാണിച്ചു് സെൽവരാജനെ വീഴ്ത്താം.വാരാന്ത്യം ആയതുകൊണ്ട് ഉറങ്ങാൻ കിടക്കുന്നത് താമസിച്ചാണങ്കിലും പ്രശനമില്ല.വൈകി എഴുന്നേറ്റാൽ മതിയല്ലോ, എന്ന് വിചാരിച്ചാണ് ഉറങ്ങാൻ കിടന്നത്..
ഏതായാലും കാലത്തു് എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു.
ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,”കാലത്തു് എന്താ പരിപാടി?ഗൗഡരുടെ മകളെ കാണാൻ പോകുവാണോ?”
“ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു.”
“ഇവിടെ.?”
“അതെ.ഇവിടെ.”
“എന്തിന് ?”.
“എടോ ,താൻ ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും.”
“തനിക്കെന്താ ഭ്രാന്തുണ്ടോ?”.
“ചൂടാകാതെ,ഈ ബിഷപ്പിന് .കിരീടവും തൊപ്പിയുമൊന്നും ഇല്ല.പാവം ബിഷപ്പാണ്.ഒരു ജീൻസും പിന്നെ ഒരു ടി ഷർട്ടും,മാത്രം.”
“മാത്രം?”എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ എനിക്ക് മനസ്സിലായി.ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ചു് നടക്കുന്നവൻ എന്ത് ബിഷപ്പ്?അതായിരുന്നു മനസ്സിൽ.
ജോർജ് കുട്ടി പറഞ്ഞു,”വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ് ,പാവം വിധിച്ചട്ടില്ല.”
എനിക്ക് രസകരമായിട്ടു തോന്നിയത്,കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ് ജോസെഫ്സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോൿസ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി.ഇപ്പോൾ CSI സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു.ജോർജ് കുട്ടി പെന്തകോസ്റ്റ് സഭ വിഭാഗത്തിൽപെട്ട ആളാണെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.
“ഇത് നല്ല തമാശ .താനെന്താ ഓന്താണോ?”
“അതാണ് എൻ്റെ ബുദ്ധി.എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി,അവരുടെ സഭയാണ് ശരി,സത്യം എന്നെല്ലാം.പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ.അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം.”
ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം.
ബിഷപ്പ് ദിനകരനെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടിരുന്നു.
ഒരു പത്തുപതിനഞ്ച് ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു.എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ ചോട്ടിൽ നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു.ജോർജ്കുട്ടി എല്ലാവർക്കും കട്ടൻ കാപ്പി തയ്യാറാക്കി കൊടുത്തു.
രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന ബൈബിൾ കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം.
കൺവെൻഷനിൽ പാടുന്ന പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ് ജോർജ് കുട്ടിയാണ്.കീബോർഡ് വായിക്കാൻ എൻ്റെ പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു .എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ അറിയുന്നത് എന്നാണ് മറുപടി.
എങ്ങനെയെങ്കിലും തല ഊരണം,
ഞാൻ പരിചയപ്പെട്ട ഒരു വാഴക്കുളം കാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞതു ഓർമ്മിച്ചെടുത്തു.ജോസ് ഹാർമോണിയം വായിക്കും മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല,അങ്ങനെ അവർ നടത്തിയ ഒരു പ്രോഗ്രാമിനെക്കുറിച്ചു ജോസ് പറഞ്ഞിരുന്നു.
എല്ലാവരും പാട്ടുകാർ.കുറ്റം പറയരുതല്ലോ,ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ.യാതൊരു ഉപകരണങ്ങളും ഉപയോഗിച്ചിട്ടില്ലാത്തവർ.
അവർക്ക് പാടണമെന്ന് തോന്നി.പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം.അവർ നന്നായിട്ട് പാടും എന്ന് പറഞ്ഞത് വികാരി അച്ചൻ വിശ്വസിച്ചു.
അവരുടെ പരിപാടിയിൽ അവസാനം ആയിരുന്നു ആദ്യം എന്നുപറയാം.ഒന്നും സംഭവിച്ചില്ല.കാരണം ആദ്യത്തെ രണ്ടുമിനിട്ടു “ബലികുടീരങ്ങളെ “പാടിയപ്പോഴേ ,”എന്നെ കല്ലെറിയല്ലേ “,എന്നുപറഞ്ഞു വികാരിയച്ചൻ അവരെ അവിടെ നിന്നും രക്ഷപെടുത്തി.
ഞാൻ പറഞ്ഞു,”ജോസിനോട് ചോദിക്കാം.”
ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. “ഇങ്ങനെയാക്കെയല്ലേ കലാകാരൻമാർ ജനിക്കുന്നത്?”
മൈക്ക് ഓപ്പറേറ്റർ ഓഡിയോ കാസറ്റ് പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ ലൈവ് ആണെന്ന് അഭിനയിക്കുക.
അതായത് നമ്മളുടെ ജനപ്രിയ സിനിമാതാരങ്ങൾ വിദേശത്തുനടത്തുന്ന പ്രോഗ്രാമുകൾ പോലെ തന്നെ.റെക്കോർഡ് ചെയ്ത പ്രോഗ്രാമുകൾക്ക് ചുണ്ടുകളുടെ ചലനം ശരിയായി കൊടുക്കാൻ പരിശീലനം ചെയ്യും.ഇതും അതുപോലെ ലൈവ് ആണെന്ന് തോന്നിക്കുന്നതരത്തിൽ അഭിനയിക്കണം.
ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ടു അഭിനയിച്ചു.
പ്രകടനം വൻ വിജയമായി.രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു.കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.
ഞങ്ങളുടെ കൂടെ വഴിയിൽ വച്ച് പരുന്തിൻകൂട് ശശിയും അച്ചായനും സെൽവരാജനും ജോസും കൂടിയിരുന്നു.എല്ലാവരും ജോർജ്കുട്ടിയുടെ ഗിത്താർ വായനയെ പ്രശംസിച്ചു.അവർക്ക് ആർക്കും യാഥാർഥ്യം അറിഞ്ഞുകൂട.
രണ്ട് പെഗ്ഗ് ഉള്ളിൽ ചെന്നപ്പോൾ ജോർജ്കുട്ടി കരയാൻ തുടങ്ങി,സങ്കടം സഹിക്കാനാകുന്നില്ല
മഹാകവി പരുന്തിൻകൂട് കാര്യം തിരക്കി.ജോർജ്കുട്ടി വഴിയിൽ വച്ച് കണ്ട പെൺകുട്ടി ചിരിച്ച കാര്യം വിശദീകരിച്ചുതുടങ്ങി.അതോടൊപ്പം സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ ഞാൻ പറഞ്ഞത് എടുത്തുപറയുകയും ചെയ്തു.
“മാത്യു,താൻ അങ്ങനെ പറഞ്ഞത് ശരിയായില്ല”.
എല്ലാവരും അത് ഏറ്റുപിടിച്ചു.ഒരു സുഹൃത്തിനോട് അങ്ങനെ പറയാൻ പാടുണ്ടോ?എല്ലാവരും ഒന്നിച്ചു നിന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് എനിക്കും തോന്നി,ഞാൻ ഒരു വിശദീകരണത്തിന് ശ്രമിക്കുകയായിരുന്നു
അപ്പോൾ സെൽവരാജൻ കയ്യിലിരുന്ന ഗ്ലാസ് ശക്തിയിൽ മേശയിൽ വച്ചു..എന്നിട്ട് സീറ്റിൽ എഴുന്നേറ്റുനിന്നു,
“നിങ്ങൾ പറയുന്ന പെൺകുട്ടിയെ എനിക്കറിയാം.”
“ങേ,അവൾ തന്നെയും നോക്കി ചരിച്ചോ?”
“ഞാനും വിചാരിച്ചത് അവൾ എന്നെ നോക്കി ചിരിക്കുന്നതാണ് എന്നാണ്.എന്നാൽ അത് ആത്മാർത്തമായ ചിരിയല്ല.”
“പിന്നെ?”
“അവളുടെ പല്ല് പൊന്തിയിരിക്കുന്നതുകൊണ്ട് ചിരിക്കുന്നതാണ് എന്ന് തോന്നുന്നതാണ്.”
“ചിരിയിലും മായം?”കവി പരുന്തിൻകൂട് ചോദിച്ചു.
പെട്ടന്ന് ജോർജ്കുട്ടി എഴുന്നേറ്റ് കൈ കഴുകാനായി പോയി.ജോർജ്കുട്ടിക്ക് എന്തുപറ്റി എന്ന ചിന്തയിൽ ഞാൻ ഇരുന്നു.പെട്ടന്ന് കൈ കഴുകാൻപോയ ജോർജ്കുട്ടി നിലവിളിച്ചു,”ഓടിവായോ”.
എല്ലാവരുടെയും തലയ്ക്ക്,ചൂട് പിടിച്ചിരുന്നു.ഓടി ആദ്യം ചെന്നത് സെൽവരാജൻ ആണ്.ജോർജ്കുട്ടി എന്തോ അയാളോട് പറഞ്ഞു.രണ്ടുപേരും ഒന്നിച്ചു നിലവിളിച്ചു,”ഓടിവായോ “
“എന്താ,എന്തുപറ്റി?”ഞങ്ങൾ എല്ലാവരും ഒന്നിച്ചു ചോദിച്ചു.
“എൻ്റെ മുഖം കാണുന്നില്ല.”ജോർജ്കുട്ടി.
“എൻ്റെ മുഖവും കാണുന്നില്ല.സംശയമുണ്ടെങ്കിൽ ദാ ഈ കണ്ണാടിയിൽ നോക്ക്.”
കൈ കഴുകുന്നിടത്തു് വാഷ് ബെയ്സിന് മുൻപിൽ ഉള്ള വലിയ കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ മുഖം കാണുന്നില്ല.മുഖത്തിൻ്റെ ഭാഗത്തു ഒന്നും ഇല്ല.
ലഹരിയിൽ അച്ചായൻ പറഞ്ഞു,”പാവം സെൽവരാജൻ.ഇനി എങ്ങനെ അവൻ മറ്റുള്ളവരുടെ മുഖത്തു നോക്കും?”
“ഞാനും മുഖമില്ലാത്തവനായി.തനിക്ക് ഒരു വിഷമവും ഇല്ലേ ദുഷ്ട്ടാ.ഒന്നിച്ചു താമസിക്കുന്ന സുഹൃത്തിന് മുഖമില്ല എന്നറിഞ്ഞിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഇരിക്കുന്ന ദുഷ്ടൻ.”എന്നെ നോക്കി ജോർജ്കുട്ടി പറഞ്ഞു.എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല.
“ചുരുക്കത്തിൽ തലയില്ലാത്തവരായി നിങ്ങൾ എന്നല്ലേ മനസ്സിലാക്കേണ്ടത്?”കവിയുടെ സംശയം തീരുന്നില്ല.
ബഹളം കേട്ട് ബാർ മാനേജർ കോശി ഓടി വന്നു.
“അടിച്ചു പൂസ്സായിട്ടു മണ്ടത്തരം പറയുന്നോ?അവിടെയുണ്ടായിരുന്ന കണ്ണാടി ഇന്നലെ ഒരുത്തൻ അടിച്ചുപൊട്ടിച്ചു.ഇപ്പോൾ അവിടെ ആ കണ്ണാടിയുടെ ഫ്രെയിം മാത്രമേ ഉള്ളൂ”
“അങ്ങനെയാണെങ്കിൽ ഞാൻ നോക്കുമ്പോൾ ജോർജ്കുട്ടിയെ കാണണ്ടേ?ഞാൻ കാണുന്നില്ലല്ലോ”സെൽവരാജൻ.
“മുഖത്തെ കൂളിംഗ് ഗ്ലാസ് ഊരിമാറ്റാടാ തെണ്ടി.ഇരുട്ടത്ത് കൂളിംഗ് ഗ്ലാസ്സും വച്ച് നിൽക്കുന്നു”.
“നമ്മൾ കഴിച്ചത് വ്യാജ മദ്യം ആണോ എന്ന് ഒരു സംശയം.എനിക്ക് കണ്ണുകാണാൻ കഴിയുന്നില്ല.”കവി പരുന്തിൻകൂട് പറഞ്ഞു.
“എനിക്കും “അച്ചായൻ സപ്പോർട്ട് ചെയ്തു.
“കോശി,ഇത് ഞങ്ങളോട് വേണ്ടായിരുന്നു.”ജോസ് .
“നിങ്ങൾക്കെന്താ വട്ടുണ്ടോ?ഇപ്പോൾ കറണ്ട് പോയതാ”.കോശി പറഞ്ഞു.
“എങ്കിൽ ഞാനൊരു കവിത ചൊല്ലാം.”കവി പരുന്തിൻകൂട് കവിത ചൊല്ലാൻ ആരംഭിച്ചു.
ആരോ പതുക്കെ പറഞ്ഞു,”ഓടിക്കോ”.
വെളിച്ചം വന്നപ്പോൾ മഹാകവി പരുന്തിൻകൂട് മാത്രമുണ്ട്.
ബാർ മാനേജർ കോശി പറഞ്ഞു,”എല്ലാവരെയും താൻ അല്ലേ ഓടിച്ചുവിട്ടത്?ബില്ല് തന്നിട്ട് താൻ പോയാൽ മതി.”
(contd)
ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്സ് പാർട്ട് – 6 “ജോർജ്കുട്ടി,സാറിന് ഒരു ചായ എടുക്കൂ,കൂട്ടത്തിൽ എനിക്കും ഒന്ന്.”
ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ നായാട്ട് ഏതാണ്ട് അലങ്കോലമായി എന്നുപറയുന്നതാണ് ശരി.എങ്കിലും ഞങ്ങളുടെ ചുറ്റുവട്ടത്തു താമസിക്കുന്ന നാട്ടുകാരുടെ ഇടയിൽ ഈ സംഭവംകൊണ്ട് ഞങ്ങൾപ്രശസ്തരായി എന്ന് പറയുമ്പോൾ നെറ്റി ചുളിക്കരുത്.
കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന് വെടി വച്ച് പിടിച്ചു് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.എല്ലാം വെറുതെയായി.
എല്ലാം സൗമ്യമായി പരിഹരിച്ചുഎന്ന് വിചാരിക്കുമ്പോളാണ് ഒരു പുതിയ അവതാരം പോലീസ് വേഷത്തിൽ മുൻപിൽ നിൽക്കുന്നത്.
എന്തുകൊണ്ടോ നമ്മളുടെ കവി പരുന്തുംകൂട് ശശി “പിന്നെ കാണാം,”എന്നുപറഞ്ഞു സ്ഥലം വിട്ടു.
പെട്ടന്ന് എനിക്ക് ഓർമ്മവന്നു, പോലീസ്കാരൻ സംസാരിക്കുന്നത് മലയാളത്തിലാണല്ലോ എന്ന്. ഞാൻ പറഞ്ഞു,” സാർ കയറിവരൂ,ഇരിക്കൂ.”അയാൾ കയറി വന്നു.
“ജോർജ്കുട്ടി,സാറിന് ഒരു ചായ എടുക്കൂ,കൂട്ടത്തിൽ എനിക്കും ഒന്ന്.”
ജോർജ്കുട്ടിയുടെ നോട്ടം ,ഞാൻ കണ്ടില്ലെന്ന് വച്ചു.
“നിങ്ങളെക്കുറിച്ചു സ്റ്റേഷനിൽ കംപ്ലൈൻറ കിട്ടി അന്വേഷിക്കാൻ വന്നതാണ്.ഒരു നൂറു രൂപ തടയും എന്ന് വിചാരിച്ചതു വെറുതെ ആയല്ലോ.”
“സാറെങ്ങനെ മലയാളം പഠിച്ചു?”
“നിങ്ങൾ ഞാൻ മലയാളം പറയുന്നതുകേട്ട് വാപൊളിക്കണ്ട.എൻ്റെ വീട് കൂർഗിലാണ്,പേര് അപ്പണ്ണ”.
ഞങ്ങൾക്ക് സമാധാനമായി.
“ഇപ്പോൾ പോയത് കവി അല്ലെ?എന്താ അയാളുടെ പേര്?”
“ശശി,പരുന്തുംകൂട്”.
“ശരി അയാൾ മിക്കവാറും നാട്ടുകാരുടെ തല്ലു കൊണ്ടു ചാകും.ഇവിടെ കുഴൽകിണർ കുഴിക്കുന്നതിന് എതിരായി ആളെ സംഘടിപ്പിക്കുകയാണ്.”
അപ്പണ്ണ കുറച്ചുസമയം വർത്തമാനം പറഞ്ഞിരുന്നു.ഞങ്ങൾ കൊടുത്ത ചായയും കുടിച്ചു തിരിച്ചുപോയി.ഒരു കാര്യം മനസ്സിലായി,ബാംഗ്ലൂർ നഗരത്തിൽ അപ്പണ്ണയുടെ പരിചയത്തിലുള്ള ധാരാളം കുടക് കാരായ പോലീസുകാരുണ്ട്.പലരും ഉയർന്ന റാങ്കിലുള്ളവരുമാണ്.പോകുന്നതിനുമുമ്പ് അപ്പണ്ണ പറഞ്ഞു,നിങ്ങളുടെ കയ്യിൽ മലയാളം വീഡിയോ കാസറ്റുകൾ ഉണ്ടെങ്കിൽ താ. ഞാനൊരു ഉഗ്രൻ മലയാളം ഫിലിം കഴിഞ്ഞ ആഴ്ച കണ്ടു”
അപ്പണ്ണ ഒരു സാദാ പോലീസ് കോൺസ്റ്റബിൾ ആയിരുന്നെങ്കിലും അയാൾക്ക് പരിചയം ഉള്ളവരും ബന്ധുക്കളുമായി ധാരാളം പേര് പോലീസ് ഡിപ്പാർട്മെൻറിൽ ഉണ്ടായിരുന്നത് പിന്നീട് ഞങ്ങൾക്കും പ്രയോജനപ്പെട്ടു.
തലേ ദിവസത്തെ പരിപാടികളുടെ ബാക്കി വല്ലതും ഇന്ന് ഉണ്ടോ എന്നറിയാനായി അച്ചായനും സെൽവരാജനും വന്നു.
ജോസഫ് പറഞ്ഞു,,” നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം.നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്”.
“നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻ്റെ ഭാഷ പാണ്ഡിത്യം പ്രകടിപ്പിച്ചു.
ജോസഫ് പറഞ്ഞു,”ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?”
” ആണോ?പഴഞ്ചൊല്ലിൽ പതിരില്ല.പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല”
“കുന്തം. “
ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല.ഒരു എസ്ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ വീട്ടുമുറ്റത്ത് വന്നു ബൈക്ക് നിർത്തി ചുറ്റും നോക്കി.അവരെ കണ്ട അച്ചായൻ ചോദിച്ചു,” എന്താ ഇവിടെ?”
“ഞങ്ങൾ , ഇവിടെ ഒരു പുതിയ ഒരു ടീം വന്നിട്ടുണ്ട് എന്ന് കേട്ട് വന്നതാണ്:”.
അച്ചായൻ ഉടനെ പരിചയപ്പെടുത്തി,”ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്.ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ കഥാപ്രസംഗവും ആയി വളരെ തിരക്കുള്ള ആളാണ്.”
രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.
“കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ പിന്നണിയിലെ അംഗം”.
പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് ജോർജ് കുട്ടി ഒരു ചോദ്യം “ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം ,സാധിക്കുമോ?”
“ഞാൻ റെഡി, ഞാൻ ഒന്ന് വീട്ടിൽ പോയിട്ടുവരാം.”
രാധാകൃഷ്ണന് ഒരു മുപ്പത് വയസ്സ് കാണും.ഒത്ത ഒരു തടിയൻ.ഇരുണ്ട നിറമാണ്.ശബ്ദമാണെങ്കിൽ പെരുമ്പറ മുഴക്കുന്നതുപോലെയും.സഹായി ഗോപാലകൃഷ്ണൻ നന്നായി വെളുത്തിട്ടാണ്.ശരീര പ്രകൃതി ഏതാണ്ട് രണ്ടുപേരും ഒരു പോലെയാണ് എന്നുപറയാം.പക്ഷെ ശബ്ദം ഒരുതരത്തിൽ പറഞ്ഞാൽ സ്ത്രീകളുടേതുപോലെ തോന്നും..
“ആരുടെ വീട്ടിൽ വച്ചാണ് കഥാപ്രസംഗം?”ഞാൻ ചോദിച്ചു.
“നിങ്ങൾക്കല്ലേ കേൾക്കേണ്ടത് .നിങ്ങളുടെ വീട്ടിൽ വച്ചാകട്ടെ.”.
ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,”ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം”
“ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?”
” കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?”ജോർജ്കുട്ടി .
എന്ത് പറയാനാണ്?
പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി.ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല എന്ന് ഞങ്ങൾക്ക് തുടക്കത്തിലേ മനസ്സിലായി.
കഥാപ്രസംഗം ആരംഭിച്ചു.
“സൗഹൃദയരെ,ഞാൻ പറയാൻ പോകുന്ന കഥയുടെപേര് “പാടവരമ്പത്തെ കാന്താരി .”
അച്ചായൻ ചാടി പറഞ്ഞു,”ഇതെന്ത് പേരാണ്? ഹോസ്കോട്ടയിലെ വെടി ,എന്നുമാറ്റണം “
“അത് വേണ്ട,വെടി എന്ന് പറഞ്ഞാൽ ആളുകൾ തെറ്റിദ്ധരിക്കും”.
“എന്നാൽ തൽക്കാലത്തേക്ക് കാന്താരി തന്നെ ഇരിക്കട്ടെ”.
“ഈ കഥനടക്കുന്നത് ഇവിടെയല്ല.”
“കഥ നടക്കുവോ?”സെൽവരാജന് സംശയം.
“ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്.”
“തിങ്കളാഴ്ച കാലത്തു് എനിക്ക് ജോലിയുണ്ട്.അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു”.
“പച്ചവിരിച്ച നെൽപ്പാടങ്ങൾ.കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ അവിടെ പറന്നു നടക്കുന്നു.കുഞ്ഞിളംകാറ്റിൽ ആ പാടവരമ്പിലൂടെ അവൾ നടന്നു വരുന്നു നമ്മളുടെ കഥാനായിക.അതെ മധുര പതിനേഴിൻറെ പടി വാതിൽക്കൽ എത്തി നിൽക്കുന്ന അവൾ മന്ദം മന്ദം തൻ്റെ പ്രാണനാഥനെ കാണാൻ വരികയാണ്. അവളുടെ പേരാണ് ചന്ദ്രിക “
“പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?”സെൽവരാജൻ .
“അതെ.എന്താ പ്രശനം?”
“അല്ല പാടവരമ്പിൽ ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.കുറച്ചു് അധികം പൊക്കിപിടിച്ചോട്ടെ.ഡ്രസ്സിൽ അഴുക്ക് ആകാതെ ഇരിക്കട്ടെ.”
“എന്നാലും ഒരു ലിമിറ്റൊക്കെ വേണ്ടേ?നമ്മളുടെ ആർഷഭാരത സംസ്കാരത്തിന് ചേർന്ന രീതിയിൽ പൊക്കിപിടിച്ചാൽ മതി”.
അച്ചായൻ പറഞ്ഞു,”ചെളി ഞാൻ കഴുകിക്കൊടുക്കും,അങ്ങനെ നമ്മളുടെ സംസ്കാരം ഞാൻ സംരക്ഷിക്കും.”കാഥികൻ ഇതൊന്നും അറിയുന്നില്ല.
കഥാപ്രസംഗം കത്തിക്കയറുകയാണ്.
“പാടത്തിൻ വരമ്പത്തെ പുല്ലുകൾ പശുക്കൾ തിന്നു തീർത്തിരിക്കുന്നു.ഇനി കാട്ടിൽ പോകണം.നമ്മളുടെ കഥാനായകന് തനിയെ കാട്ടിൽപോയി പശുക്കളെ മേയ്ക്കാൻ പേടിതോന്നി.അവൻ വിളിച്ചു “ചന്ദ്രികേ നീയും വാ എൻ്റെ കൂടെ “
അവൾ പറഞ്ഞു “ഞാൻ വരില്ല.എൻറെ പുതിയ ഡ്രസ്സിൽ ചെളിയാകും.ചേട്ടൻ വേണമെങ്കിൽ ആ ശാലിനിയെ കൂട്ടിപോയ്ക്കോ.”
ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി കഥ മുന്നേറുമ്പോൾ സെൽവരാജൻ്റെ അടുത്ത ചോദ്യം.”ഈ പശുക്കളെല്ലാം നാടനാണോ ,അതോ വെച്ചൂർ പശുക്കളാണോ?”
“എല്ലാം സ്വിസ് ബ്രൗൺ, ” രാധാകൃഷ്ണൻ പറഞ്ഞത് അല്പം ഉച്ചത്തിലാണ്.”
“എന്നാൽ അവൻ അനുഭവിക്കും.കാട്ടിൽ മേയാൻ പറ്റിയ ശരീര പ്രകൃതിയല്ല സ്വിസ് ബ്രൗണിന്:”
“കാനന ചോലയിൽ കാലിമേയ്ക്കാൻ നീയും പോരുമോ എൻ്റെ കൂടെ?”
“എവിടെ?”അവൾ ചോദിച്ചു.
“സത്യമംഗലം കാടുകളിൽ പോകാം”:
“സത്യമംഗലം കാടുകൾ വളരെ ദൂരെയല്ലേ?നമ്മുക്ക് അടുത്തുള്ള വല്ല കാട്ടിലും പോയാലോ?”
“ഇപ്പോൾ കാടുകളിൽ എല്ലായിടത്തും റിസോർട്ടുകൾ ആണ്.”
ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു.തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന് എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.
“അതാ അങ്ങോട്ടു നോക്കൂ.”കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി.എന്നിട്ട് തുടർന്നു ,”നമ്മൾ എന്താണ് കാണുന്നത്?”
“എലി ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്.താൻ കഥ പറയൂ”.
“ഒരു കൊടുംകാറ്റുപോലെ ഒരാൾ ചന്ദ്രികയുടെ നേരെ പാഞ്ഞു വരുന്നു.ഭയപ്പെട്ട് അവൾ വിളിച്ചു,അച്ഛാ”
“അതെന്താ ചന്ദ്രിക നോർത്ത് ഇന്ത്യൻ ആണോ?അച്ചാ എന്ന് ഹിന്ദിയിൽ സംസാരിക്കുന്നത്?അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് അല്ലെ?”സെൽവരാജന് സംശയമായി.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.
ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക് ഉപകരണങ്ങൾ പാക്ക് ചെയ്യുകയാണ്. സെൽവരാജനും ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു.ജോസഫ് അച്ചായൻ സോഫയിലും.
“രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം,” എങ്ങനെയുണ്ടായിരുന്നു?”
“അടിപൊളി.”
” നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി.താങ്ക് യു.”
ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും ഓരോ ചവിട്ടു വച്ചുകൊടുത്തു.
ചോദ്യം ആവർത്തിക്കപ്പെട്ടു.
എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.
“അടിപൊളി” എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന് നന്ദി.
“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?”
“അത് പറയാനുണ്ടോ? അവസാന ഭാഗം.”
രാധാകൃഷ്നും ഗോപാലകൃഷ്ണനും സന്തോഷമായി.
“ഞങ്ങൾ കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല.അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം “.
സെൽവരാജൻ പാഞ്ഞു,”എനിക്ക് അടുത്ത ആഴ്ച പനിയാണ്.”.
അച്ചായൻപറഞ്ഞു,”ഇവന് പനിയാണെങ്കിൽ കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ ? ഇവനെ നോക്കണം.പുഷ്പ ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങി കൊടുക്കണം.”.
ജോർജ് കുട്ടി പറഞ്ഞു,”എനിക്ക് ധ്യാനം കൂടാൻ പോകണം .”
അച്ചായൻ്റെ സംശയം,”പാറേ പള്ളീൽ ആണോ?”
ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ജോർജ് കുട്ടി പറഞ്ഞു,”അടുത്ത ആഴ്ച അവൻ്റെ കല്യാണമാണ്. “
പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു,”അങ്ങിനെയാണെങ്കിൽ ഭാര്യയേം കൂട്ടി ഒരു ദിവസം വാ.ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം.”
“അത് വേണ്ട.”
“അതെന്താ?”.
“കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്സ് കാണാൻ വയ്യ”.
ബാഗ്ലൂർ ഡേയ്സ് ഒന്ന് മുതൽ അഞ്ചുവരെയുള്ള ഭാഗങ്ങൾ വായിക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക