National

‘നിയമം മാത്രമല്ല, കണക്കും പഠിപ്പിക്കും’; ഹൃദയം കവർന്ന് ട്രാഫിക് പൊലീസ്

ചില വാർത്തകൾ പെട്ടന്ന് തന്നെ ജനഹൃദയം കീഴടക്കാറുണ്ട്. അതിൽ ഒന്നാണ് എട്ട് വയസ്സുകാരനെ പഠിപ്പിക്കുന്ന ട്രാഫിക് പൊലീസിന്റെ ഈ കഥ. സമൂഹത്തോട് ഓരോ വ്യക്തിയും പുലർത്തേണ്ട ധാര്‍മ്മിക ഉത്തരവാദിത്തങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ഈ വിഡിയോ.

പൊതുസമൂഹത്തോട് ഏറ്റവും കൂടുതൽ പ്രതിബദ്ധതയുള്ളവരാണ് പൊലീസ് സേനാ. നിയമവ്യവസ്ഥ പരിരക്ഷിക്കുന്നതിനും, ജനത്തെ നിയന്ത്രിക്കുന്നതിനും മാത്രമല്ല ഏവര്‍ക്കും മാതൃകയാകുന്നതിനും ഉതകുന്ന കാര്യങ്ങള്‍ വേണം പൊലീസുകാര്‍ ചെയ്യാന്‍. അത്തരത്തിലൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് ഘോഷ്.

ബാലിഗഞ്ച് ഐടിഐക്ക് സമീപം ഡ്യൂട്ടിയിലായിരുന്നപ്പോഴെല്ലാം തെരുവില്‍ കഴിയുന്ന ബാലനെയും കുടുംബത്തെയും പ്രകാശ് കാണുമായിരുന്നു. റോഡരികിലെ ഭക്ഷണശാലയിൽ ജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം നോക്കുന്നത്. മകൻ്റെ നല്ല ഭാവിക്കായിയുള്ള അമ്മയുടെ ആധി മനസിലാക്കിയ പ്രകാശ് തന്നാൽ കഴിയുന്നത് ചെയ്യാൻ തീരുമാനിച്ചു. ജോലിക്കിടെ തികച്ചും അവിചാരിതമായി പരിചയപ്പെട്ടതാണ് ഈ കുടുംബത്തെ.

മകൻ ദാരിദ്ര്യത്തിന്റെ ചങ്ങല പൊട്ടിച്ച് ലോകത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന വലിയ പ്രതീക്ഷകൾ അമ്മയ്ക്കുണ്ട്. എന്നാൽ മൂന്നാം ക്ലാസുകാരന് പഠനത്തിൽ താൽപ്പര്യം നഷ്ടപ്പെട്ടുന്നത് അമ്മയിൽ ആശങ്കക പരത്തി. ഇതിവർ പ്രകാശിനോട് പങ്കിട്ടു. ആ അമ്മയുടെ ദുഃഖം അദ്ദേഹത്തിന്റെ മനസ് കീഴടക്കി. അങ്ങനെ ജോലിക്കിടെ ലഭിക്കുന്ന ഒഴിവ് സമയത്ത് ബാലനെ പ്രകാശ് പഠിപ്പിക്കാന്‍ തുടങ്ങി.

ബാലനെ പ്രകാശ് പഠിപ്പിക്കുന്ന ചിത്രം കൊല്‍ക്കത്ത പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ചിത്രം വൈറലാവുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ചിത്രമാണിത്. സംഭവത്തിന്റെ വിശദാംശങ്ങളും പോസ്റ്റില്‍ പങ്കിട്ടിരുന്നു.