Cricket Sports

അമ്പാട്ടി റായിഡുവിനെ വെട്ടിയ ആ തീരുമാനം ന്യായീകരിക്കാവുന്നതോ ?

ഈ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത്. ആറ്റികുറുക്കിയെടുത്ത പേരുകൾക്കൊടുവിൽ സെലക്ടർമാർ ടീം പ്രഖ്യാപിച്ചപ്പോൾ, മികച്ചതെങ്കിലും ചില പ്രധാനപ്പെട്ട പേരുകൾ വിട്ടു കളഞ്ഞതിനെ ചൊല്ലി ആരാധകരിലും കളി നിരീക്ഷകർക്കിടയിലും വാദപ്രതിവാദങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.

മിന്നുന്ന ഫോമിലുള്ള വിരാട് കോഹ്‍ലി നയിക്കുന്ന ടീം എന്നുള്ളത് തന്നെയാണ് ടീമിന്റെ ഹെെലേറ്റ്. എന്നാൽ ടീമിൽ നിന്നും റിഷഭ് പന്തിനേയും അമ്പാട്ടി റായിഡുവിനേയും മാറ്റി നിർത്തിയത് ചിലരിൽ മുറമുറുപ്പുളവാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഹോം, വിദേശ പര്യടനങ്ങളിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു പന്ത്. ഐ.പി.എല്ലിലും നല്ല കളി പുറത്തെടുത്ത പന്തിനെ സ്ക്വാഡിൽ നിന്നും പുറത്താക്കിയത് ആരാധകരിൽ ഞെട്ടലുണ്ടാക്കി. എന്നാൽ ധോണിക്ക് പിന്നിൽ രണ്ടാമനായി പന്തിന് പകരം ദിനേശ് കാർത്തിക് എന്ന കളമറിയുന്ന താരമാണെന്നുള്ളത് എന്നതും സെലക്ടർമാരുടെ തീരുമാനത്തെ സാധൂകരിക്കുന്നതായിരുന്നു.

എന്നാൽ റായഡുവിന്റെ പുറത്താക്കൽ പക്ഷെ ആരും പ്രതീക്ഷിച്ചതല്ല. ഇന്ത്യയുടെ തലവേദനയായിരുന്ന നാലാം നമ്പർ ബാറ്റ്സ്മാൻ എന്ന ഒഴിവിലേക്ക് ഈയടുത്ത കാലം വരെ ഏവരും പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു അമ്പാട്ടി റായിഡു. ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ മികച്ച കളി പുറത്തെടുത്ത റായിഡു, പക്ഷെ തുടർന്ന് വന്ന ആസ്ത്രേലിയയുമായുള്ള മത്സരങ്ങളിൽ നിറം മങ്ങുകയാണുണ്ടായത്.

2018 സീസണിൽ 11 മത്സരങ്ങലിൽ നിന്നായി 56.00 ശരാശരിയിൽ 392 റൺസാണ് റായിഡു അടിച്ച് കൂട്ടിയിരുന്നതെങ്കിൽ, 2019ൽ ഇതുവരെ 10 മത്സരങ്ങളിൽ നിന്നും 30.88 ശരാശരിയിൽ 247 റൺസാണ് താരത്തിന്റെ സമ്പാദ്യം. കിവീസിനെതിരായി നേടിയ ഏക അർധ സെഞ്ച്വറിയാണ് ഇതിൽ എടുത്ത് പറയാനുണ്ടായിരുന്നത്. ഹോം, എവേ മത്സരങ്ങളിൽ സ്ഥിരതയുണ്ടായിരുന്ന വലം കയ്യൻ ബാറ്റ്സ്മാന്റെ പേർ അന്തിമ ഘട്ടത്തിൽ വെട്ടിക്കളയാൻ സെലക്ടർമാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അമ്പാട്ടി റായിഡുവിന് പകരമായി വിജയ് ശങ്കറാണ് ടീമിലെത്തിയിരിക്കുന്നത്. ഇതുവരെ കളിച്ച 5 ഇന്നിംഗ്സുകളിൽ നിന്നായി 33 ശരാശരിയിൽ 165 റൺസടിച്ച വിജി, 5.61 എക്കണോമിയിൽ 2 വിക്കറ്റും കെെക്കലാക്കിയിട്ടുണ്ട്. എന്നാൽ റായിഡുവിന് പകരക്കാരനായി വിജയ് ശങ്കർ ടീമിലെത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ആരും പ്രതീക്ഷിക്കാത്തതായിരുന്നു.