Cricket Sports

ഇമ്രാൻ ഖാൻ പുറത്ത്; പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും. അവിശ്വാസ പ്രമേയം പാസായി പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാൻ ഖാൻ്റെ പിന്തുണയോടെയാണ് റമീസ് ചെയർമാൻ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കിൽ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും. (imran khan ramiz raja)

അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ ടൂർണമെൻ്റ് എന്ന ആശയമാണ് റമീസ് രാജ അവതരിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ടൂർണമെൻ്റ് നടത്തിയാൽ ഐസിസിയുടെ മറ്റ് ഇവൻ്റുകൾക്കുള്ള പ്രാധാന്യം നഷ്ടപ്പെടുമെന്ന് മറ്റ് അംഗരാജ്യങ്ങൾ നിലപാടെടുത്തു. ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് അനുമതിയില്ല. മൂന്ന് ദേശീയ ടീമുകൾ വരെ പങ്കെടുക്കുന്ന ടൂർണമെൻ്റുകൾ നടത്താൻ അംഗങ്ങൾക്ക് അനുമതിയുണ്ടെന്നും ഐസിസി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

50 മില്ല്യൺ യുഎസ് ഡോളർ (ഏകദേശം 5000 കോടി രൂപ) പരമ്പരയിൽ നിന്ന് വരുമാനം ലഭിക്കുമെന്നായിരുന്നു പിസിബിയുടെ കണക്കുകൂട്ടൽ. ഐസിസിയ്ക്കും പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകൾക്കും ഇതിൽ പരമ്പരയിൽ നിന്ന് വലിയ ലാഭമുണ്ടാവും. പരമ്പരയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു വലിയ വിഹിതം അസോസിയേറ്റ് രാജ്യങ്ങൾക്കും ലഭിക്കും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി പരമ്പര നടത്താനായിരുന്നു പിസിബിയുടെ ശ്രമം.

ഈ മാസം 10നാണ് പാകിസ്താനിൽ ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായത്. ഇതോടെ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം നഷ്ടമായി. അവിശ്വാസ പ്രമേയത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങൾ ദേശീയ അസംബ്ലിയിൽ നിന്നിറങ്ങിപ്പോയി. രാജ്യത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.

പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. പിഎംഎൽ (എൻ) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അധ്യക്ഷനുമാണ്.