World

തോമസ് സൻകാരയുടെ കൊലപാതകം; ബുർക്കിന ഫാസോ മുൻ പ്രസിഡന്റിന് ജീവപര്യന്തം

തോമസ് സൻകാരയെ കൊലപ്പെടുത്തിയ കേസിൽ ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം തടവ്. 1987-ൽ തന്റെ മുൻഗാമിയും സഹപ്രവർത്തകനുമായ തോമസ് സൻകാരയെ അട്ടിമറിയിലൂടെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.

1983ലാണ് തോമസ് സൻകര ബുർക്കിന ഫാസോയിൽ അധികാരമേറ്റത്. പിന്നീട് നാല് വർഷത്തിന് ശേഷം അട്ടിമറിയിലൂടെ സൻകരയുടെ ഭരണം ബ്ലെയ്‌സ് കംപോറെ പിടിച്ചെടുത്തു. തലസ്ഥാനമായ ഓ​ഗദൗ​ഗിൽ വെച്ച് വെടിവെപ്പിലൂടെയാണ് സൻകരയെ കൊലപ്പെടുത്തുന്നത്. 12 സർക്കാർ ഉദ്യോഗസ്ഥരും അട്ടിമറിയിൽ കൊല്ലപ്പെട്ടിരുന്നു.

ആഫ്രിക്കയിലെ “ചെഗുവേര” എന്നറിയപ്പെടുന്ന സൻകാര അഴിമതിയും കൊളോണിയൽ സ്വാധീനവും തടയുമെന്ന ഉറപ്പിൽ അധികാരമേറ്റ് ജനശ്രദ്ധ നേടിയ നേതാവായിരുന്നു. സ്ത്രീ പക്ഷ നിയമങ്ങൾ നടപ്പാക്കിയും പോളിയോ പോലുള്ള പകർച്ചവ്യാധികൾക്കെതിരായ കുത്തിവയ്പ്പുകൾ വ്യാപകമാക്കിയും പ്രവർത്തന മികവ് തെളിയിച്ചു. മുൻ യുദ്ധവിമാന പൈലറ്റായ സൻകാര അധികാരികളുടെ ചെലവ്ചുരുക്കൽ നടപടികളിലൂടെ ദരിദ്രമായ രാജ്യത്ത് പൊതുജന പിന്തുണ നേടി.

27 വർഷമാണ് ബ്ലെയ്‌സ് കംപോറെ ബുർക്കിന ഫാസോ ഭരിച്ചത്. പിന്നീട് 2014 മറ്റൊരു അട്ടിമറിയിൽ കംപോറെയുടെ ഭരണം തെറിക്കുകയും അദ്ദേഹം ഐവറി കോസ്റ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. ആറ് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. കംപോറെയ്ക്ക് 30 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നായിരുന്നു മിലിട്ടറി പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ടത്.