ആല്‍ഫബെറ്റിന്റെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിംഗ് കാറായ വെയ്മോ നിരത്തുകളിലേക്കിറങ്ങുന്നു. സാന്‍ഫ്രാന്‍സിസികോയിലെ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിച്ച് ടെസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ വെയ്മോ ജീവനക്കാര്‍ മാത്രമായിരിക്കും ഡ്രൈവറില്ലാ റൈഡിന് അനുമതി. പിന്നീട് പരീക്ഷണം തൃപ്തികരമായാല്‍ അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രയുടെ ഭാഗമാകാന്‍ സാധിക്കും. പരീക്ഷണം വിജയമായാല്‍ സാന്‍ഫ്രാന്‍സിസ്കോയുടെ പുറത്തും വെയ്മോ എത്തുമെന്നും കമ്പനി അധികൃതകര്‍ അറിയിച്ചു.
നഗരത്തിലെ ട്രാഫിക് നിയമങ്ങള്‍, ജനത്തിരക്ക്, റോഡുകളുടെ സ്വഭാവം എന്നിവ കഴിഞ്ഞ ആറ് മാസമായി വെയ്മോ നിരീക്ഷിച്ചുവരികയാണെന്ന് ആല്‍ഫബെറ്റ് വ്യക്തമാക്കി. ആറ് മാസത്തെ ട്രയലുകളില്‍ നിന്ന് തങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിച്ചെന്നും സാന്‍ഫ്രാന്‍സിസ്കോ നഗരത്തെ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടുണ്ടെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരിക്കിലും പൊതുജനങ്ങള്‍ക്ക് എന്ന് മുതല്‍ വെയ്മോ റൈഡ് ചെയ്യാനാകുമെന്ന് കമ്പനി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
പൂര്‍ണമായും ഡ്രൈവറില്ലാ വാഹനമിറക്കാനായി ആറ് വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങളാണ് ആല്‍ഫബെറ്റ് നടത്തിവന്നിരുന്നത്. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അവയെ അമേരിക്കയിലുടനീളം വാടക ടാക്സികളാക്കാനാണ് ആല്‍ഫബെറ്റിന്റെ പദ്ധതി. ചൈനയിലെ പ്രശസ്തരായ വാഹനനിര്‍മാതാക്കളായ ഗീലി ഡോള്ഡിംഗും ഗൂഗിളിന്റെ മാതൃകമ്പനികായ ആല്‍ഫബെറ്റിന്റെ സെല്‍ഫ് ഡ്രൈംവിംഗ് യൂണിറ്റായ വെയ്മോയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ അത് ഓട്ടോമൊബൈല്‍ ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാകും.