കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി- 23 നേതാക്കളുടെ യോഗം ഉടന്‍ ചേരും. ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ജി-23 നേതാക്കള്‍ യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിരുത്തല്‍ വാദി നേതാക്കളുടെ ചര്‍ച്ചയെന്നാണ് വിലയിരുത്തല്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടെ ജി-23 നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി നേതാക്കള്‍ ഒന്നിച്ചുനില്‍ക്കണമെന്നുമുള്ള നിലപാടിലാണ് ജി- 23 നേതാക്കള്‍.
സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന ഉറച്ച നിലപാടിലാണ് ജി-23 നേതാക്കള്‍. ഇക്കാര്യം ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ വ്യക്തമായി ധരിപ്പിക്കാനിരിക്കുകയാണ്. പ്ലീനറി സെഷനില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന സൂചന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി നല്‍കിയിരുന്നു. എഐസിസി പ്ലീനറി സെഷന് ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകും നടക്കുകയെന്നും ആമുഖ പ്രസംഗത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, സന്ദീപ് ദീക്ഷിത് എന്നിവരടക്കമുള്ള നേതാക്കളാണ് ഇന്നലെ യോഗം ചേര്‍ന്നിരുന്നത്. തിരുത്തല്‍വാദികളില്‍ പ്രധാനിയായ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഢ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. തളര്‍ന്ന ഈ അവസ്ഥയില്‍ നിന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് പ്രധാനമായും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തത്. ജി-23 നേതാക്കളുടെ ആവശ്യങ്ങളും ആശങ്കകളും ഹൂഢ രാഹുലിനെ അറിയിച്ചിട്ടുമുണ്ട്.