ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെൻ, ചാങ്ചുൻ, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകൾ കൂടുതലാണ്.
ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിൽ ഉൾപ്പെടെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.