സിൽവർ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങൾ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകർന്ന് പോകുന്ന പദ്ധതിയാണ് ഇതെന്ന് വി.ഡി സതീശൻ പറഞ്ഞു. ( ksrtc left to die says vd satheeshan )
വിഷയം ചർച്ച ചെയ്യാൻ അനുവദിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് വി.ഡി സതീശൻ ചർച്ച ആരംഭിച്ചത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തണം എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും, അതുകൊണ്ട് തന്നെ കേരളത്തിലെ പാവങ്ങൾ വരെ ആശ്രയിക്കുന്ന കെഎസ്ആർടിസി നവീകരിക്കുകയാണ് വേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു.
‘കേരളത്തിലെ ഒട്ടുമിക്ക സർവീസുകളും റദ്ദാക്കി, ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും സാധിക്കാതെ, പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് വരേണ്യ വിഭാഗത്തിന് വേണ്ടി സർക്കാർ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കിയത്’- വി.ഡി സതീശൻ പറഞ്ഞു.
എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ലോകത്ത് വരുന്നത് മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ സിൽവർലൈൻ മറ്റെല്ലാ ഗതാഗത സംവിധാനങ്ങളേയും വിഴുങ്ങുന്ന പദ്ധതിയാണെന്ന് വി.ഡി സതീശൻ രൂക്ഷമായി വിമർശിച്ചു.
പരസ്പരവിരുദ്ധ കണക്കുകളാണ് പദ്ധതിയെ കുറിച്ച് സർക്കാർ പറയുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. പശ്ചിമഘട്ടത്തിലെ മുഴുവൻ മലയും ഇടിച്ച് നിരത്തിയാലും പദ്ധതിക്കുള്ള കല്ല് കിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രിലിമിനറി ഫീസിബിളിറ്റി റിപ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നും ഡേറ്റ ഫഡ്ജിംഗ് ചെയ്തവർ ജയിലിൽ പോകേണ്ടി വരുമെന്നും വിഡി സതീശൻ പറഞ്ഞു.
64,000 കോടി മാത്രമാണ് പദ്ധതിയുടെ ചെലവെന്ന് എന്തടിസ്ഥാനത്തിൽ പറയുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു. പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടിയിലേക്ക് പോകും. പൊലീസിന് ഡീസലടിക്കാൻ പണമില്ലാത്ത, കുട്ടികൾ പാലും മുട്ടയും കൊടുക്കാൻ പണമില്ലാത്ത സർക്കാരാണിതെന്നും വിഡി സതീശൻ വിമർശിച്ചു.