India

കൊവിഡ്; കേസുകളുടെ വർധനവ് 6 ആഴ്ച കൂടി തുടരാൻ സാധ്യത

രാജ്യത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 4 മുതൽ 6 ആഴ്ച കൂടി നിലനിൽക്കുമെന്ന് വിലയിരുത്തൽ. ഉത്സവങ്ങൾ, വിവാഹ സീസൺ, തെരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന “സാമൂഹിക പരിപാടികളുടെ” പശ്ചാത്തലത്തിൽ കേസുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഡെൽറ്റ ബാധിച്ചവരേക്കാൾ വേഗത്തിൽ ഒമിക്രോൺ കേസുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. പ്രധാന നഗര കേന്ദ്രങ്ങളിലൂടെ ഒമിക്രോൺ വേരിയൻറ് പടർന്നു. ഡിസംബർ പകുതി മുതൽ ഒരേസമയം രാജ്യത്തുടനീളം കേസുകൾ അതിവേഗം പടരാൻ തുടങ്ങി. ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും 90% ത്തിലധികം ഒമിക്രോൺ ബാധിച്ചിട്ടുണ്ട് – ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഡെൽറ്റയുടെ തരംഗ രൂപത്തിൽ വ്യത്യാസമുണ്ട്, അതിനാൽ ഒമിക്രോൺ കുറയുന്ന രീതിയിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ഡെൽറ്റ കുറയാൻ ആറ് മാസമെടുത്തപ്പോൾ, ഒമിക്രോൺ വളരെ വേഗത്തിൽ കുറയാൻ സാധ്യതയുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കൊവിഡ് മൂന്നാം തരംഗത്തിലെ ഉയർന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്.