എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് ഇന്ത്യക്ക് നിരാശയാണ്. ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരം വജയിച്ച ചൈനയാണ് ഒന്നാമത്. ഇറാൻ മൂന്നാമതും ചൈനീസ് തായ്പേയ് നാലാമതുമാണ്.
മുംബൈ ഡിവൈ പാട്ടീൽ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ഷോട്ടുകളാണ് ഇന്ത്യ ഇറാൻ പോസ്റ്റിലേക്ക് പായിച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയി. ഇതിൽ ഒന്ന് പോലും ഗോൾ ആയില്ല. 65 ശതമാനം പൊസിഷനും ഇന്ത്യക്കുണ്ടായിരുന്നു. ഇറാൻ വെറും 8 തവണയാണ് ഇന്ത്യൻ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തത്.
ഈ മാസം 23നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ചൈനീസ് തായ്പേയ്ക്കെതിരെ നടക്കുന്ന മത്സരം രാത്രി 7.30നാണ്. ഏഷ്യാ കപ്പിൽ ഇന്ത്യ ഇതുവരെ കിരീടം നേടിയിട്ടില്ല. 1979ലും 1983ലും രണ്ടാം സ്ഥാനം നേടിയാണ് ഇതുവരെയുള്ള മികച്ച നേട്ടം. ചൈനയാണ് ഏറ്റവുമധികം തവണ കിരീടം നേടിയിട്ടുള്ളത്.