ബുള്ളി ബായ് ആപ്പ് കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മായങ്ക് റാവത്ത് (21) ആണ് മൂന്നാം പ്രതി. നേരത്തെ ശ്വേത സിംഗ് (18), എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവർ പിടിയിലായിരുന്നു.
പൗരി ഗർവാൾ ജില്ലയിലെ കോട്ദ്വാറിൽ നിന്നാണ് മൂന്നംഗ സൈബർ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. സക്കീർ ഹുസൈൻ കോളജിലെ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയാണ് റാവത്ത്. മായങ്കിൻ്റെ പിതാവ് സൈനികനാണ്. വെബ് പേജുകളുടെ ലിങ്കുകൾ പങ്കിടാൻ ഉപയോഗിച്ച മൊബൈൽ ട്രാക്ക് ചെയ്താണ് പൊലീസ് റാവത്തിനെ കണ്ടെത്തിയത്.
പ്രതികൾ സോഷ്യൽ മീഡിയയിലാണ് കണ്ടുമുട്ടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലുള്ള പൊതുതാൽപ്പര്യമാണ് ഇവരെ വെബ് പേജുകൾ തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ GitHub-ൽ ഹോസ്റ്റ് ചെയ്‌ത രണ്ട് വെബ് പേജുകളാണ് മുംബൈ പൊലീസ് അന്വേഷിക്കുന്നത്. ആദ്യ വെബ് പേജ് 2021 ജൂലൈയിലും രണ്ടാമത്തേത് ബുള്ളി ബായ് ജനുവരി 1 നുമാണ് പ്രത്യക്ഷപ്പെടുന്നത്.