India National

കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തും

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തും. ഉത്തര്‍ പ്രദേശില്‍ മാത്രം പ്രിയങ്കയുടെ പ്രചാരണം ഒതുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. താരപ്രചാരകരുടെ പട്ടിക എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. കോണ്‍ഗ്രസും ബിജെപിയും 40 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുത്തത്. അന്ന് മുതല്‍ വിവിധ പി.സി.സികള്‍ പ്രിയങ്കയെ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു തീരുമാനം പാര്‍ട്ടി എടുത്തിരുന്നില്ല.

പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം ഉത്തര്‍ പ്രദേശില്‍ മാത്രം മതി എന്നായിരുന്നു ആലോചന. പിന്നീട് രാഷ്ട്രീയ സാഹചര്യം മാറിയതോടെ തീരുമാനവും മാറ്റി. തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച 40 താര പ്രചാരകരുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയെ ഉള്‍പ്പെടുത്തി. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവര്‍ക്ക് ശേഷം നാലാമതാണ് പ്രിയങ്ക.

16 സംസ്ഥാനങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെലോട്ട്, അമരീന്ദര്‍ സിങ്, നവ്‌ജോത് സിങ് സിദ്ദു, ഹാര്‍ദിക് പട്ടേല്‍, ശത്രുഘ്‌നന്‍ സിന്‍ഹ, തുടങ്ങിയവരും പട്ടികയില്‍ ഉണ്ട്. മുലായം സിങ്, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അസം ഖാന്‍, ഡിംപിള്‍ യാദവ് അടക്കമുള്ളവരാണ് എസ്.പി പട്ടികയില്‍ ഉള്ളത്. മായാവതി, ആകാശ് ആനന്ദ്, സതീഷ് മിശ്ര തുടങ്ങിയവരാണ് ബി.എസ്.പിയുടെ താര പ്രചാരകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ 40 പേരാണ് ബിജെപിയുടെ താരപ്രചാരകര്‍. ഉദ്ദവ് താക്കറെ, ആദിത്യ തുടങ്ങി 20 പേരുടെ പട്ടിക ശിവസേനയും സമര്‍പ്പിച്ചിട്ടുണ്ട്.