ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണം. വിദ്യാര്‍ത്ഥികളോട് മാപ്പ് പറയാന്‍ സി.ബി.എസ്.ഇ തയ്യാറകണമെന്നും സോണിയ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
‘നിരീക്ഷണം വിവരക്കേടാണ്, ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവെയ്ക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്‌ക്കൊപ്പമാണ് ഞാൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇടപെടണം. ചോദ്യം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണം’ സോണിയ ആവശ്യപ്പെട്ടു.
സത്രീ-പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ സ്ത്രീ-പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.