Kerala

കേരളത്തിന് ആശ്വാസം; ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ സാമ്പിള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചതില്‍ ഫലം ലഭിച്ച എട്ടെണ്ണമാണ് നെഗറ്റീവായത്.

ഇനി രണ്ട് പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

അതിനിടെ ബംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ വീണ്ടും കൊവിഡ് പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് വീണ്ടും പോസിറ്റീവായത്. രാജ്യത്ത് ഇതുവരെ 23 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യവും ശക്തമായി ഉയരുന്നു. ഒമിക്രോണ്‍ വ്യാപനം വഴി ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍