Kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു; തുറന്നത് ഒരു ഷട്ടര്‍ മാത്രം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടര്‍ ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പില്‍ കുറവ് വന്നത്. അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്.

അതേസമയം ന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ തമിഴ്‌നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്.. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷന്‍ നിര്‍ദേശം നല്‍കി.

ഇന്നലെ പുലര്‍ച്ചെയോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ തുറന്നത്. പുലര്‍ച്ചെ തന്നെ വീടുകളില്‍ വെള്ളം കയറിയതും ആശങ്ക സൃഷ്ടിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തമിഴ്‌നാടിന്റെ നടപടി ഒരു സര്‍ക്കാരും ഒരു ജനതയോടും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് വിമര്‍ശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയം സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.