Kerala

മോഡലുകളുടെ മരണം; വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈംബ്രാഞ്ച് നോട്ടിസ്

കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ്. സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.

ഇതിനിടെ ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു . ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിലെ നിർണായക തെളിവാണ് ഈ ഹാർഡ് ഡിസ്‌ക്. മീൻപിടിക്കാനിട്ട വലയിലാണ് ഹാർഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചിൽ നടത്തിയിരുന്നു.

നമ്പർ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജൻറെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിൻറെ കുടുംബത്തിൻറെ ആവശ്യം.