ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. (india won newzealand t20)
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. കിവീസ് ഓപ്പണിംഗ് ബൗളർമാരായ ടെൻ്റ് ബോൾട്ടിനെയും ടിം സൗത്തിയെയും കടന്നാക്രമിച്ച ഇന്ത്യൻ ഓപ്പണർമാർ 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. രോഹിത് ആയിരുന്നു കൂട്ടുകെട്ടിലെ അപകടകാരി. ആറാം ഓവറിൽ ലോകേഷ് രാഹുലിനെ (15) മാർക്ക് ചാപ്മാൻ്റെ കൈകളിലെത്തിച്ച മിച്ചൽ സാൻ്റ്നർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാം നമ്പറിൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർപ്പൻ ഫോമിലായിരുന്നു. രോഹിതിനൊപ്പം അനായാസം സ്കോർബോർഡ് ചലിപ്പിച്ച താരം 59 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലും പങ്കാളിയായി. ഫിഫ്റ്റിക്ക് വെറും 2 റൺസ് അകലെ രോഹിത് വീണു. 36 പന്തുകളിൽ 48 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ ട്രെൻ്റ് ബോൾട്ട് രചിൻ രവീന്ദ്രയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഗംഭീര ബാറ്റിംഗ് തുടർന്ന സൂര്യകുമാർ 34 പന്തുകളിൽ ഫിഫ്റ്റി തികച്ചു.
നാലാം നമ്പറിൽ പന്ത് എത്തി. ഇതിനിടെ, മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സൂര്യകുമാർ യാദവിനെ ട്രെൻ്റ് ബോൾട്ട് ക്ലീൻ ബൗൾഡാക്കി. 40 പന്തുകൾ നേരിട്ട് 62 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. സൂര്യകുമാറിനു പിന്നാലെ ശ്രേയാസ് അയ്യരാണ് ഇറങ്ങിയത്. അവസാന ഓവറുകളിൽ ഒന്നാന്തരമായി പന്തെറിഞ്ഞ ന്യൂസീലൻഡ് ഇന്ത്യയെ വിറപ്പിച്ചു. ഋഷഭ് പന്തും ശ്രേയാസ് അയ്യരും റൺസ് കണ്ടെത്താൻ വിഷമിച്ചതോടെ കളി അവസാന ഓവറിലേക്ക് നീങ്ങി. 19ആം ഓവറിലെ അവസാന പന്തിൽ ടിം സൗത്തി ശ്രേയാസ് അയ്യരെ (5) ട്രെൻ്റ് ബോൾട്ടിൻ്റെ കൈകളിലെത്തിച്ചു.
ഡാരിൽ മിച്ചൽ എറിഞ്ഞ അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത് 10 റൺസ് ആയിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വെങ്കടേഷ് അയ്യർ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി കളി ഇന്ത്യക്ക് അനുകൂലമാക്കി. എന്നാൽ രണ്ടാം പന്തിൽ വെങ്കടേഷ് പുറത്ത്. താരത്തെ രചിൻ രവീന്ദ്ര പിടികൂടുകയായിരുന്നു. എന്നാൽ, ഓവറിലെ നാലാം പന്തിൽ ബൗണ്ടറി നേടിയ ഋഷഭ് പന്ത് ഇന്ത്യക്ക് ജയം സമ്മാനിച്ചു. പന്ത് (17) പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.