ടി-20 ലോകകപ്പ് സെമിഫൈനൽ ജയത്തോടെ ഓസ്ട്രേലിയ തകർത്തത് 16 മത്സരങ്ങൾ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്. 2016 മുതൽ ആരംഭിച്ച പാകിസ്താൻ്റെ യുഎഇയിലെ പടയോട്ടമാണ് ഓസീസ് നിഷ്പ്രഭമാക്കിയത്. 2015 നവംബർ 30നാണ് പാക് പട അവസാനമായി യുഎഇയിൽ പരാജയപ്പെടുന്നത്. (australia pakistan winning streak)
പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്നെയ്സുമാണ് ഓസ്ട്രേലിയയ്ക്ക് അനായാസം ജയം സമ്മാനിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്വാൻറെയും ഫഖർ സമൻറെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 52 പന്തിൽ 67 റൺസെടുത്ത റിസ്വാനാണ് പാക്കിസ്ഥാൻറെ ടോപ് സ്കോറർ. ഫഖർ സമൻ 32 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ ബാബർ അസം 39 റൺസെടുത്തു. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു.