വയനാട് പിടിയിലായ മാവോയിസ്റ്റ് നേതാവിൻ്റെ അറസ്റ്റ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് ബിജെ കൃഷ്ണമൂർത്തിയാണ് പിടിയിലായത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ തിരയുന്നയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. വനിതാ നേതാവ് സാവിത്രിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.
കേരളം അടക്കം പച്ഛിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്ണമൂർത്തി. കൃഷ്ണമൂർത്തിയെ പിടികൂടാൻ കഴിഞ്ഞ 4 വർഷത്തോളമായി കേരളം, കർണാടക, തമിഴ്നാട് ആന്ധ്രാ പൊലീസ് സേനകൾ ശ്രമിക്കുകയായിരുന്നു. എൻഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.
നിലമ്പൂർ-വയനാട് വഴിയിൽ കർണാടകത്തോട് ചേർന്നുകിടക്കുന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് കേരള പൊലീസും തണ്ടർബോൾട്ടും ചേർന്ന് ഇയാളെ പിടികൂടിയത്.