ടി-20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യക്ക് ആദ്യ ജയം. അഫ്ഗാനിസ്ഥാനെ 66 റൺസിനു കീഴടക്കിയാണ് ഇന്ത്യ ആദ്യ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 211 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. 42 റൺസെടുത്ത് പുറത്താവാതെ നിന്ന കരീം ജന്നത്ത് ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. (india won afghanistan t20) ഗംഭീരമായി പന്തെറിഞ്ഞ ഇന്ത്യയുടെ ഓപ്പണിംഗ് ബൗളർമാർ പവർപ്ലേയിൽ തന്നെ അഫ്ഗാനിസ്ഥാൻ്റെ രണ്ട് ഓപ്പണർമാരെയും മടക്കി. മുഹമ്മദ് ഷഹ്സാദിനെ (0) ഷമി അശ്വിൻ്റെ കൈകളിലെത്തിച്ചപ്പോൾ ഹസ്റതുള്ള സസായ്യെ (13) ജസ്പ്രീത് ബുംറയുടെ പന്തിൽ ശർദ്ദുൽ താക്കൂർ പിടികൂടി. മൂന്നാം വിക്കറ്റിൽ റഹ്മതുള്ള ഗുർബാസും ഗുൽബദിൻ നയ്ബും ചേർന്ന് 35 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഷമിയുടെ ഒരു ഓവറിൽ രണ്ട് വീതം ബൗണ്ടറിയും സിക്സറും സഹിതം 20 റൺസെടുത്ത ഗുർബാസ് ആയിരുന്നു അപകടകാരി. എന്നാൽ, 19 റൺസ് നേടിയ ഗുർബാസിനെ ജഡേജയുടെ പന്തിൽ ഹർദ്ദിക് പാണ്ഡ്യ തകർപ്പൻ ക്യാച്ചിലൂടെ മടക്കി അയച്ചു. പിന്നാലെ ഗുൽബദിനെ (18) വിക്കറ്റിനു മുന്നിൽ കുരുക്കിയ അശ്വിൻ നജീബുള്ള സദ്രാൻ്റെ (11) കുറ്റി പിഴുത് അഫ്ഗാനിസ്ഥാനെ തകർച്ചയിലേക്ക് തള്ളിവിട്ടു.
ആറാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദ് നബി-കരിം ജന്നത്ത് സഖ്യം ഇന്നിംഗ്സ് വീണ്ടും കെട്ടിപ്പടുത്തു. നബി പ്രതിരോധത്തിലൂന്നിയപ്പോൾ കരിം ആക്രമണത്തിൻ്റെ പാതയിലായിരുന്നു. എന്നാൽ, ഇന്നിംഗ്സ് അവസാനത്തിൽ നബിയും കടന്നാക്രമിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 57 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 35 റൺസ് നേടിയ നബി ഷമി എറിഞ്ഞ 19ആം ഓവറിൽ സൂര്യകുമാർ യാദവ് പിടിച്ച് പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. തൊട്ടടുത്ത പന്തിൽ കരിം ജന്നത്തിനെ അവിശ്വസനീയമായി ജഡേജ പിടികൂടിയെങ്കിലും തേർഡ് അമ്പയർ അത് നോട്ടൗട്ട് വിധിച്ചു. അടുത്ത പന്തിൽ റാഷിദ് ഖാനെ (0) ഹർദ്ദിക് പാണ്ഡ്യ പിടികൂടി. കരിം ജന്നത്ത് (42) പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ലോകേഷ് രാഹുലും രോഹിത് ശർമ്മയും ഫിഫ്റ്റിയടിച്ചു. 74 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇത്.