Kerala

ജലനിരപ്പ് ക്രമീകരിക്കാൻ മുല്ലപ്പെരിയാറിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി . ഒന്ന്,അഞ്ച്, ആറ് ഷട്ടറുകൾ 50 സെ മീ വീതമാണ് ഉയർത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2,974 ഘനയടിയാകും. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്.

അതേസമയം മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ്‌നാടിന്റെ വീഴ്ചയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഡാമിന്റെ പഴക്കവും സംഭരണ ശേഷിക്കുറവും തമിഴ്നാട് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് റവന്യു മന്ത്രി അറിയിച്ചു. തമിഴ്നാടിൻറെ ഭാഗത്ത് നിന്നും പോസിറ്റിവായ സമീപനമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.