Kerala

ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുന്നു; പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കുക ലക്ഷ്യം

കേരള ഭൂപതിവ് ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കാനാണ് ഭേദഗതി. 2019 ഓഗസ്റ്റ് 22 വരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്ക്കരിക്കും. പതിനഞ്ച് സെന്റില്‍ താഴെയുള്ള പട്ടയഭൂമിയില്‍ ഉപജീവനത്തിനായുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് അംഗീകരിക്കുകയും ചെയ്യും. എന്നാല്‍ 1500 ചതുരശ്ര അടി തറവിസ്തീര്‍ണം മാത്രമായിരിക്കണം കെട്ടിടങ്ങളുടേത്. അപേക്ഷകനോ ആശ്രിതനോ മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിക്കണം.

ഭേദഗതി വരുന്നതോടെ ചെറുകിട, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിലവില്‍ അനധികൃത കെട്ടിടങ്ങളുടെ പരിധിയിലാണ് അവ. മലയോര മേഖലയിലുള്‍പ്പെടുന്ന ആളുകള്‍ക്ക് ഭേദഗതി ആശ്വാസകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചുനല്‍കുന്ന ഭൂമിയില്‍ വീട് നിര്‍മിക്കാനോ കൃഷി ചെയ്യാനോ ഉപയോഗിക്കാനാണ് വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്ന് ചില കെട്ടിടങ്ങള്‍ പട്ടയഭൂമിയില്‍ നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇടുക്കിയിലാണ് ഇങ്ങനെ വ്യാപകമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഇവ പിന്നീട് റിസോര്‍ട്ടുകളായി മാറ്റുകയും ചെയ്യും. ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഈ വിലക്ക് സംസ്ഥാനത്തൊട്ടാകെ ബാധകമാക്കി. ഇതുമൂലം ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചുനല്‍കുന്ന ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും നിര്‍മാണ വിലക്ക് മാറ്റണമെന്ന് ആവശ്യം വിവിധയിടങ്ങളില്‍ നിന്നുയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗവും വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂപതിവ് ചട്ടങ്ങളില്‍ സുപ്രധാനമായ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.