ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല നട നവംബര്‍ 2 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമയിലേക്ക് പ്രവേശിപ്പിക്കും. രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസ്സ് ലഭിച്ചവര്‍ കൊവിഡ് പ്രതിരോധ വാക്സിന് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍സനത്തിനായി എത്തുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ട് അതിന് അവസരം കിട്ടാത്ത ഭക്തര്‍ക്കും ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന നവംബര്‍ 3 ന് ദര്‍ശനത്തിനായി അവസരം ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു. മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്രതിരുനട നവംബര്‍ 15 ന് വൈകുന്നേരം തുറക്കും.