India

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 52 ആയി

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 52 ആയി. പതിനേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡാർജിലിംഗ് മേഖലയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ ടോർഷ നദിയിൽ ഒഴുകിപോയി.

ഉത്തരാഖണ്ഡിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഗർവാൾ, ബദ്രിനാഥ് റോഡുകൾ തുറന്നതോടെ ചാർ ധാം യാത്ര പുനഃരാരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മഴ ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. കനത്ത മഴയിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. സിലിഗുരി ഡാർജിലിംഗ് പ്രധാന പാതയായ എൻ.എച്ച് 55ൽ ഗതാഗതം നിർത്തിവച്ചു. സിലിഗുരി ഗാങ് ടോക്ക് പാതയിലും ഗതാഗതം തടസപ്പെട്ടു. ഡാർജിലിംഗ് കാലിംപോങ്ങ്, ജൽപായ്ഗുരി, അലിപൂർധർ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറിൽ ഗംഗാ നദി കരകവിഞ്ഞു. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ചയും ശക്തമാണ്.