India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കൂട്ടരാജി

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചു. റസിയ സുൽത്താനയുടെ സത്യപ്രതിജ്ഞ മൂന്ന് ദിവസം മുൻപായിരുന്നു. നവ്‌ജോത് സിംഗുമായി അടുപ്പമുള്ള മന്ത്രിയായിരുന്നു റസിയ സുൽത്താന. പഞ്ചാബ് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ഛഹൽ നേരത്തെ രാജിവച്ചിരുന്നു.

അതേസമയം, നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. സംസ്ഥാന തലത്തിൽ പ്രശ്‌നം തീർക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നും നവ്‌ജ്യോത് സിംഗ് സിദ്ദു അറിയിച്ചു. എന്നാൽ എന്ത് ഒത്തുതീർപ്പാണ് ഉദ്ദേശിച്ചതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല.

അമരീന്ദർ സിംഗുമായുള്ള ദീർഘനാളത്തെ ഉൾപോരിന് പിന്നാലെ ജൂലൈ 23നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2019 ലാണ് അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരിന് തുടക്കമാകുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ഉൾപോര് പരിഹരിക്കാനുള്ള ആദ്യ പടിയായാണ് പിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ പേര് പരിഗണിക്കുന്നത്.

രാജിയെ തുടർന്ന് സിദ്ദുവിനെതിരെ ട്വീറ്റുമായി അമരീന്ദർ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു സ്ഥിരതയില്ലാത്ത മനുഷ്യനാണെന്ന് അമരീന്ദർ ട്വീറ്റിൽ കുറിച്ചു.

അതേസമയം, അമരീന്ദർ സിംഗ് ഇന്ന് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഈ വിവരം ഇരുഭാഗത്ത് നിന്നും സ്ഥിരീകരിച്ചിട്ടില്ല.