കണ്ണൂർ സർവ്വകലാശാല വിവാദ പിജി സിലബസ് വിഷയം പരിഗണിക്കുന്ന നിർണായക അക്കാദമിക് കൌൺസിൽ യോഗം ഇന്ന്. രാവിലെ പത്തിന് ഓൺലൈനായാണ് യോഗം ചേരുക. സിലബസിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ കൗൺസിൽ അന്തിമ തീരുമാനം കൈക്കൊള്ളും. (kannur university syllabus meeting)
കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസാണ് വിവാദത്തിലായത്. ആർഎസ്എസ് നേതാക്കളായ സവർക്കറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് സൈദ്ധന്തികരുടെ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
തുടർന്ന് സർവകലാശാല നിയോഗിച്ച രണ്ട് അംഗ സമിതി സിലബസിൽ മാറ്റങ്ങൾ നിർദേശിച്ച് വൈസ് ചാൻസലർ പ്രൊ. ഗോപിനാഥ് രവീന്ദ്രന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് ബോർഡ് ഓഫ് സ്റ്റഡീസ് സിലബസ് വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതി ശുപാർശകൾ പ്രകാരമുള്ള ഭേദഗതികൾ അംഗീകരിച്ചതായാണ് സൂചന. സിലബസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അക്കാദമിക്ക് കൗൺസിലിന് വിട്ടു. രാവിലെ 10 അക്കാദമിക്ക് കൗൺസിൽ ചെയർമാൻ കൂടിയായ വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ യോഗം ചേരും. ബോർഡ് ഓഫ് സ്റ്റഡീസ് മുന്നോട്ട് വെച്ച ഭേദഗതികൾ അക്കാദമിക്ക് കൗൺസിലും അംഗീകരിക്കാനാണ് സാധ്യത.
ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറിയിരുന്നു. വിവാദ പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
കാവി വത്കരണം അല്ല സിലബസിൽ ഉണ്ടായിരുന്ന പോരായ്മയാണ് സംഭവിച്ചതെന്ന് ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിലബസിന്റെ ഭാഗമായി പല പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വൈസ് ചാൻസലർ 24 നോട് പറഞ്ഞു. മറ്റ് പുസ്തകങ്ങളുമായുള്ള താരതമ്യ പഠനമാണ് ഉദേശിച്ചത്. കണ്ണൂർ സർവകലാശാല സിലബസുമായി ബന്ധപ്പെട്ട് 24 എൻകൗണ്ടറിൽ ആയിരുന്നു വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.