ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയയാ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ.യുമായി ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ജീവിതത്തിൽ, 1985, 1990, 1995 വർഷങ്ങളിൽ അദ്ദേഹം മൂന്ന് തവണ മാത്രമാണ് നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.
മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.