Kerala

ഇടുക്കിയിൽ ബാലവേല നടക്കുന്നുവെന്ന് വ്യാപക പരാതി; അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ പരിശോധന

ഇടുക്കിയിൽ ബാലവേല നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കി പൊലീസും, ചൈൽഡ് വെൽഫയർ കമ്മിറ്റിയും. അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരും. തോട്ടങ്ങളിൽ നേരിട്ട് എത്തി പരിശോധനകൾ നടത്തുമെന്ന് ജില്ല സി.ഡബ്ള്യു.സി. ചെയർമാൻ ജോസഫ് അഗസ്റ്റിൻ 24നോട്‌ പറഞ്ഞു.

ഇടുക്കിയിലെ ഏല തോട്ടങ്ങളിൽ ബാലവേല നടക്കുന്നതായി ജില്ല പഞ്ചായത്ത് കണ്ടെത്തിയിരുന്നു. ബാലവേലയുമായി ബന്ധപ്പെട്ട് ഉടുമ്പഞ്ചോലയിൽ ഇതിനോടകം തന്നെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ബാലവേല തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ല ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ 24നോട്‌ പറഞ്ഞു.

കുട്ടികളെ വീട്ടിൽ ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് തോട്ടത്തിലേക്ക് കൊണ്ടുവരുന്നത് എന്നാണ് ചില മാതാപിതാക്കാളുടെ വിശദീകരണം. എന്നാൽ ഇത്തരത്തിൽ കൊണ്ടുവരുന്ന കുട്ടികൾ തോട്ടം ജോലികളിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും CWC വ്യക്തമാക്കി.

ഏല തോട്ടത്തിൽ പണിക്കെത്തുന്ന തൊഴിലാളികൾക്ക് ശരാശരി 300 മുതൽ 500 രൂപവരെയാണ് കൂലി. എന്നാൽ കുട്ടികൾക്ക് ഇതിന്റെ പകുതി പോലും നൽകേണ്ടതില്ല. ഇക്കാരണത്താലാണ് തമിഴ് നാട്ടിൽ നിന്നും 12- 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഏല തോട്ടങ്ങളിൽ പണിക്കായി എത്തിക്കുന്നത്. കുട്ടികളെ ജോലിക്കെത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കുന്ന വാഹനങ്ങളും പരിശോധിക്കും. മുതിർന്ന തോട്ടം തൊഴിലാളികളെ എത്തിക്കുന്ന അതെ വാഹനത്തിൽ തന്നെയാണ് കുട്ടികളെയും എത്തിക്കുന്നതെന്ന് നേരത്തെ തന്നെ ജില്ലാ പഞ്ചായത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് ഈ ചെക്പോസ്റ്റുകളും കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയത്.

ഇന്നലെ അത്തരത്തിൽ നടത്തിയ പരിശോധനയുടെ ഭാഗമായി കുമളിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളുമായെത്തിയ വാഹനം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിടികൂടിയത്. മൂന്ന് പെൺകുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. എന്നാൽ വിഷയത്തിൽ ഇത് വരെ കേസ് എടുത്തിട്ടില്ല.കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത്തരം വിഷയങ്ങളിൽ കേസ് എടുക്കാൻ സാധിക്കുവെന്നാണ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചിരിക്കുന്നത്. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ വാഹന ഉടമയ്ക്ക് നേരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ 52 ഓളം വാഹനങ്ങൾ ഇന്നലെ തിരിച്ചയച്ചിരുന്നു.