International

രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക : വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്

കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.

അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഇതിനിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. അതേസമയം ഓഗസ്റ്റ് 31 വരെയാണ് വിദേശസൈന്യങ്ങള്‍ക്ക് അഫ്ഗാന്‍ വിടാനുള്ള അവസാന തിയതി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്.