കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കർണാടകയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സർക്കാർ. സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റികളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ടിപിആർ കുറവുള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം സ്‌കൂൾ പുനരാരംഭിച്ച് ആദ്യ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി.
മല്ലേശ്വരത്തെ പ്രി യൂണിവേഴ്‌സിറ്റിയിലെത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കർണാടകയിൽ പുതിയ വിദ്യാഭ്യാസ നയത്തിനും ഇന്ന് തുടക്കം കുറിച്ചു. കർണാടകയിൽ ഡിഗ്രി മുതലുള്ള ക്ലാസുകൾ കഴിഞ്ഞ മാസം തന്നെ തുറന്നിരുന്നു. വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ് നടക്കുക.
അതേസമയം തമിഴ്‌നാട്ടിൽ തിയറ്ററുകളും ബാറുകളും ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനമാരംഭിച്ചു. തിയറ്ററുകളിൽ പകുതി ആളുകളെ അനുവദിക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും അടുത്തമാസം ഒന്നിന് അരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി അനുബന്ധ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരെയും അനുവദിക്കും. ബീച്ച്, നീന്തൽകുളം, ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.