Kerala

ഐ.എസ് ബന്ധമെന്ന് സംശയം ; കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി

ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇരുവരെയും ഇന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായാണ് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവർ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എൻ.ഐ.എ.യുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീനോപ്പം ചേർന്ന് ഐ.എസ്. പ്രവർത്തനങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നുവെന്ന് എൻ.ഐ.എ. അറിയിച്ചു.

ഇന്ന് രാവിലെയാണ് കൊച്ചിയിലും ഡൽഹിയിൽ നിന്നുമുള്ള എൻ.ഐ.എ. സംഘങ്ങൾ കണ്ണൂരിലേക്ക് എത്തിയത്. കണ്ണൂർ താനെയിലെ അവരുടെ വീടുകളിലെത്തി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെട പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെയും ഇവരുടെ വീടുകളിൽ എൻ.ഐ.എ റെയ്‌ഡുകൾ നടത്തിയിട്ടുണ്ടായിരുന്നു. അന്ന് മുതൽ ഷിഫ ഹാരിസും മിസ്ഹ സിദ്ദിഖും ഇനി.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. ഇരുവരും ഇറാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.