International

ടി-20 ലോകകപ്പിൽ കളിക്കും; ഒരുക്കങ്ങൾ നടക്കുന്നു: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മീഡിയ മാനേജർ

വരുന്ന ടി-20 ലോകകപ്പിൽ കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളിൽ വേദികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിൻ്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം. (afganistan t20 world cup)

“ഞങ്ങൾ ടി-20 ലോകകപ്പിൽ കളിക്കും. തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള വേദിക്കായി ഞങ്ങൾ ശ്രമിക്കുകയാണ്. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്. അത് എങ്ങനെയാകുമെന്ന് നോക്കാം.”- ഹിക്മത് ഹസൻ പറഞ്ഞു.

“പാകിസ്താൻ പരമ്പര മുൻ നിശ്ചയപ്രകാരം നടക്കും. ആഭ്യന്തര ടി-20 ടൂർണമെൻ്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അത് ടി-20 ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ സഹായിക്കും. താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും എല്ലായ്പ്പോഴും ഞങ്ങൾ സഹായിക്കാറുണ്ട്. സാധ്യമാവുന്നതെല്ലാം ഞങ്ങൾ അവർക്കായി ചെയ്യും. രാജ്യത്തെ സംഭവവികാസങ്ങൾ കാബൂളിനെ സാരമായി ബാധിച്ചിട്ടില്ല. ഞങ്ങൾ ഓഫീസിൽ തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ട് പേടിക്കാനില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡൻ.

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 1.15ന് ആണ് ബൈഡൻ രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘർഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡൻ പറഞ്ഞത്.

താലിബാൻ അഫ്ഗാനിസ്ഥാനിലെ യു.എസ് സൈന്യത്തെ ആക്രമിക്കുകയോ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്താൽ തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സഖ്യകക്ഷികളുടെ പ്രതിനിധികളെയും ഉപദ്രവിവിക്കരുതെന്ന് താലിബാന് നിർദേശം നൽകി. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാൻറെ പുനർനിർമാണമായിരുന്നില്ല യു.എസ് ലക്ഷ്യമെന്നും ജോ ബൈഡൻ വ്യക്തമാക്കി.

അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ തീരുമാനത്തിൻറെ ഉത്തരവാദിത്വം പ്രസിഡൻറ് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും ജോ ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ കാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൌരൻമാർക്ക് ജീവൻ നഷ്ടമാകരുതെന്നും തീവ്രവാദത്തിന് എതിരായ ചെറുത്ത് നിൽപ്പാണ് ലക്ഷ്യമെന്നും ബൈഡൻ വ്യക്തമാക്കി.