സംസ്ഥാനത്തെ അതിര്‍ത്തി ചെക്കപോസ്റ്റുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ്. വാളയാര്‍ ചെക്കുപോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍. കൊല്ലം ആര്യങ്കാവ് ചെക്കപോസ്റ്റില്‍ കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു.
തിരുവനന്തപുരം ആറ്റുപുറം ചെക്ക്പോസ്റ്റില്‍ എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയില്ലെന്നും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. വിഷയത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാനത്തെ അതിര്‍ത്തി ചെക്കപോസ്റ്റുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
വാളയാര്‍ ചെക്ക്പോസ്റ്റില്‍ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉപയോഗിച്ച വാക്കിടോക്കികളാണ് പിടിച്ചെടുത്തത്. കൈക്കൂലി വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയം ഒഴിവാക്കി തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് വാക്കിടോക്കികള്‍ ഉപയോഗിച്ചതെന്നാണ് വിജിലന്‍സിന്റെ സംശയം. പിടിച്ചെടുത്ത വാക്കിടോക്കികളും വിശദപരിശോധനയ്ക്ക് വിധേയമാക്കാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പലയിടങ്ങളിലായി സൂക്ഷിച്ച പണമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ കൈക്കൂലിയായി വാങ്ങിയതാണോ എന്നും സംശയമുണ്ട്.
അമിതഭാരം കയറ്റിവന്ന വാഹനങ്ങള്‍ പലയിടങ്ങളിലും നടപടിയെടുക്കാതെ കടത്തി വിടുന്നതായി കണ്ടെത്തി.